കോഴിക്കോട്: സംസ്ഥാന വ്യാപകമായി ലഹരിമാഫിയക്കെതിരെ പൊലീസ് നടത്തുന്ന ‘ഓപ്പറേഷൻ തൂഫാൻ’ ശക്തമായി തുടരുന്നതിനിടയിൽ, കോഴിക്കോട് കേന്ദ്രീകരിച്ച് മാരകമായ ലഹരിവിപണനം നടത്തിവന്ന യുവതിയും യുവാവും പിടിയിൽ. നന്മണ്ട ഏഴുകുളം സ്വദേശി അനന്തു, പുതിയാപ്പ സ്വദേശിനി കീർത്തന എന്നിവരാണ് നടക്കാവ് പൊലീസിന്റെയും ഡാൻസാഫ് (DANSAF) സംഘത്തിന്റെയും പിടിയിലായത്. മെഡിക്കൽ കോളേജ് ഭാഗത്തെ ഇവരുടെ രഹസ്യ താവളത്തിൽ വെച്ചാണ് പൊലീസിന്റെ മിന്നൽ പരിശോധനയിൽ ഇരുവരും കുടുങ്ങിയത്.
ആസൂത്രിതമായ കെണി
യുവതിയെ മുൻനിർത്തി യുവാക്കളെ വാടകമുറിയിലേക്ക് ആകർഷിച്ച് ലഹരിമരുന്ന് കൈമാറുന്നതായിരുന്നു ഇവരുടെ തന്ത്രം. ഇവർ മുൻപ് സഞ്ചരിച്ചിരുന്ന ഇന്നോവ കാർ ഉപേക്ഷിച്ച് പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞ സംഭവം വലിയ ചർച്ചയായിരുന്നു. ഇതിനുപിന്നാലെ ഇവർ താമസിച്ചിരുന്ന വാടക മുറിയിൽ പൊലീസ് നടത്തിയ പരിശോധനയിൽ ലഹരി വിൽപനയിലൂടെ ലഭിച്ച 85,000 രൂപയും 6 ഗ്രാം എം.ഡി.എം.എ.യും കണ്ടെടുത്തു.
നീളുന്ന ക്രിമിനൽ പശ്ചാത്തലം
പിടിയിലായ അനന്തു ലഹരി കേസുകളിൽ മാത്രമല്ല, കൊലപാതകം ഉൾപ്പെടെയുള്ള നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. ഇരുവരുടെയും അറസ്റ്റോടെ നഗരത്തിലെ പ്രധാന ലഹരി ശൃംഖലയെക്കുറിച്ചുള്ള നിർണ്ണായക വിവരങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
’ഓപ്പറേഷൻ തൂഫാന്റെ’ ഭാഗമായി കോഴിക്കോട് നഗരത്തിലെ ലഹരി മാഫിയക്കെതിരെയുള്ള പരിശോധന വരും ദിവസങ്ങളിലും കൂടുതൽ ശക്തമാക്കുമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകുന്നു.

