
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി. ജീവനക്കാർക്ക് ഏറെ നാളുകൾക്ക് ശേഷം ആശ്വാസത്തിന്റെയും സന്തോഷത്തിന്റെയും ദിനം. ശമ്പള വിതരണം നീണ്ടുപോകുന്ന പതിവ് രീതിക്ക് വിരാമമിട്ടുകൊണ്ട്, ഇത്തവണ മാസത്തിലെ അവസാന ദിവസം തന്നെ ജീവനക്കാരുടെ അക്കൗണ്ടുകളിലേക്ക് ശമ്പളമെത്തി. ഒന്നാം തീയതിക്ക് മുൻപ് തന്നെ ശമ്പളം ഉറപ്പാക്കാൻ സർക്കാർ കാട്ടിയ പ്രത്യേക താല്പര്യവും അടിയന്തര ഇടപെടലുമാണ് ജീവനക്കാർക്ക് തുണയായത്.
കൃത്യസമയത്ത് ശമ്പളം നൽകുന്നതിനായി ഈ മാസം 100 കോടി രൂപയാണ് ധനവകുപ്പ് കെ.എസ്.ആർ.ടി.സിക്ക് പ്രത്യേകമായി അനുവദിച്ചത്. സ്ത്രീകൾക്കായി നടപ്പിലാക്കിയ ‘പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി’ വഴി കെ.എസ്.ആർ.ടി.സിക്ക് പ്രതിമാസം ഏതാണ്ട് 55 കോടി രൂപയുടെ വരുമാന നഷ്ടം നേരിടുന്നുണ്ട്. ഈ പ്രതിസന്ധിക്കിടയിലും ജീവനക്കാരുടെ ശമ്പളം മുടങ്ങരുതെന്ന സർക്കാരിന്റെ ഉറച്ച തീരുമാനമാണ് കൃത്യസമയത്തുള്ള ഈ പണലഭ്യതയ്ക്ക് കാരണമായത്.
വരും മാസങ്ങളിലും ഇതേ രീതിയിൽ മാസാവസാനമോ ഒന്നാം തീയതിയോ ശമ്പളം അക്കൗണ്ടുകളിലെത്തുമെന്ന പ്രതീക്ഷയിലാണ് കെ.എസ്.ആർ.ടി.സി ജീവനക്കാരും കുടുംബങ്ങളും. കൃത്യസമയത്ത് ശമ്പളം ലഭിച്ചതോടെ വലിയൊരു വിഭാഗം ജീവനക്കാരും സർക്കാരിനും മാനേജ്മെന്റിനും നന്ദി അറിയിച്ചു.



