
കുറ്റ്യാടി: മരണപ്പാച്ചിലിലും സമചിത്തത കൈവിടാതെ സ്കൂൾ വാഹനം സുരക്ഷിതമായി ഒതുക്കി നിർത്തി വിദ്യാർത്ഥികളുടെ ജീവൻ കാത്ത ഡ്രൈവർ വിടപറഞ്ഞു. കുറ്റ്യാടി അടുക്കത്ത് അയിരാണിപ്പൊയിൽ അനിൽ കുമാറാണ് (50) ജോലിത്തിരക്കിനിടയിൽ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് ആശുപത്രിയിൽ അന്തരിച്ചത്. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് നാടിനെ നോവിലാഴ്ത്തിയ ഈ സംഭവം ഉണ്ടായത്.
സ്കൂളിൽ നിന്നും കുട്ടികളുമായി വേളം ഭാഗത്തേക്ക് മടങ്ങുകയായിരുന്നു അനിൽ കുമാർ. ചെറുകുന്ന് വാഴയിൽമുക്കിൽ എത്തിയപ്പോഴാണ് ഇദ്ദേഹത്തിന് കടുത്ത ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. വൻ അപകടത്തിലേക്ക് വണ്ടി കൂപ്പുകുത്താൻ സാധ്യതയുള്ള നിമിഷമായിരുന്നിട്ടും അനിൽ കുമാർ ഒട്ടും പരിഭ്രാന്തനാകാതെ വാഹനം റോഡരികിലേക്ക് സുരക്ഷിതമായി ഒതുക്കി നിർത്തുകയായിരുന്നു.
വാഹനം നിർത്തിയ ശേഷം അവിടെയുണ്ടായിരുന്ന നാട്ടുകാരെ കൂട്ടി സ്വന്തം ഫോണിൽ നിന്ന് അനിൽ തന്നെ സ്കൂൾ അധികൃതരെ വിവരമറിയിച്ചു. സ്കൂൾ അധികൃതർ ഉടൻ തന്നെ ആംബുലൻസുമായി സ്ഥലത്തെത്തി ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ദീർഘകാലമായി സ്കൂൾ ബസ് ഡ്രൈവറായി ജോലി ചെയ്തുവരുന്ന അനിൽ കുമാറിന്റെ പെട്ടെന്നുള്ള വിയോഗം നാടിനെയും സ്കൂൾ അധികൃതരെയും ഒരുപോലെ കണ്ണീരിലാഴ്ത്തി. സ്വന്തം ജീവൻ നഷ്ടമാകുന്ന ഘട്ടത്തിലും കൂടെയുണ്ടായിരുന്ന പിഞ്ചുകുട്ടികളുടെ സുരക്ഷയ്ക്ക് മുൻഗണന നൽകിയ അനിൽ കുമാറിന് പ്രണാമം അർപ്പിക്കുകയാണ് നാട്.

