അയോധ്യ രാമക്ഷേത്ര സംഭാവന തട്ടിപ്പ് വിവാദത്തിൽ ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായ്, അംഗം അനിൽ മിശ്ര എന്നിവർ രാജിവെച്ചു.

പ്രത്യേക അന്വേഷണ സംഘത്തിന്റെ പ്രാഥമിക റിപ്പോർട്ട് പുറത്തുവന്നതിന് തൊട്ടുപിന്നാലെയാണ് രാജി. സംഭവത്തിൽ ഇതുവരെ എട്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.​ദേശീയ രാഷ്ട്രീയത്തിൽ വലിയ ചർച്ചയായി മാറിയ അയോധ്യ രാമക്ഷേത്ര സംഭാവന തട്ടിപ്പ് കേസിൽ ക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായ്, ട്രസ്റ്റ് അംഗം അനിൽ മിശ്ര എന്നിവരുടെ രാജി ക്ഷേത്ര ട്രസ്റ്റ് സ്ഥിരീകരിച്ചു. സംഭാവനകൾ വകമാറ്റി ചെലവഴിച്ചുവെന്ന പരാതിയിൽ അന്വേഷണം പുരോഗമിക്കവെയാണ് ഇരുവരുടെയും രാജി. ക്ഷേത്രത്തിൽ നടന്ന സംഭവങ്ങൾ ദുഃഖകരമാണെന്നും ഇത്തരം കാര്യങ്ങൾ ആവർത്തിക്കാതിരിക്കാൻ ശ്രദ്ധിക്കുമെന്നും ട്രസ്റ്റ് വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.ഉത്തർപ്രദേശ് സർക്കാർ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ പ്രാഥമിക റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് നിർണായക നീക്കങ്ങൾ ഉണ്ടായത്. ഭക്തർ സമർപ്പിച്ച കാണിക്കയും സംഭാവനകളും കൈകാര്യം ചെയ്യുന്നതിൽ ഗുരുതര വീഴ്‌ചകൾ സംഭവിച്ചതായി പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ക്ഷേത്രത്തിന്റെ ഔദ്യോഗിക അക്കൗണ്ടുകളിൽ നിന്ന് ഏകദേശം ഏഴര കോടി രൂപ കാണാതായെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.​കേസുമായി ബന്ധപ്പെട്ട് അവിനാഷ് ശുക്ല, അനുകൽപ് മിശ്ര, ലവ്‌കുഷ് മിശ്ര, മനീഷ് കുമാർ യാദവ് ഉൾപ്പെടെ എട്ടുപേരെ ഇതിനോടകം പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഭാരതീയ ന്യായ സംഹിത, അഴിമതി നിരോധന നിയമം എന്നിവയിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്.സംഭവം പുറത്തുവന്നതോടെ കടുത്ത രാഷ്ട്രീയ പ്രതിരോധത്തിലാണ് ബിജെപി. സംഘപരിവാർ സംഘടനകളുടെ ഭാരവാഹികളാണ് പ്രതിക്കൂട്ടിൽ എന്നതിനാൽ വിഷയം ദേശീയതലത്തിൽ വലിയ രാഷ്ട്രീയ ആയുധമാക്കുകയാണ് പ്രതിപക്ഷം. കോൺഗ്രസും സമാജ്‌വാദി പാർട്ടിയും ബിജെപിക്കെതിരെ കടുത്ത വിമർശനങ്ങളുമായി രംഗത്തെത്തിക്കഴിഞ്ഞു. വരും ദിവസങ്ങളിൽ ഈ വിഷയം പാർലമെന്റിലടക്കം വലിയ ചർച്ചകൾക്ക് വഴിവെക്കുമെന്നാണ് സൂചന.

Leave a Reply

Your email address will not be published. Required fields are marked *