ഫുട്ബോളാണ് ലഹരി’, ലഹരി വിരുദ്ധ സന്ദേശവുമായി ചാലക്കുടിയിൽ പെനാൽറ്റി ഷൂട്ടൗട്ട് മത്സരം!

ചാലക്കുടി : യുവതലമുറയെ കാർന്നുതിന്നുന്ന ലഹരിക്കെതിരെ കായിക കരുത്തിന്റെ പ്രതിരോധവുമായി ചാലക്കുടി. ‘ഫുട്ബോളാണ് ലഹരി’ എന്ന ലഹരി വിരുദ്ധ സന്ദേശമുയർത്തി ചാലക്കുടി നഗരസഭ “നന്മ ലഹരി പദ്ധതി”യും എക്സൈസ് വകുപ്പിന്റെ “വിമുക്തി പദ്ധതി”യും സംയുക്തമായി സംഘടിപ്പിച്ച ഫുട്ബോൾ ഷൂട്ടൗട്ട് മത്സരം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ചാലക്കുടി ഗവൺമെന്റ് ഹൈസ്കൂൾ ഗ്രൗണ്ടിലായിരുന്നു ആവേശകരമായ ഈ പെനാൽറ്റി ഷൂട്ടൗട്ട് മത്സരം അരങ്ങേറിയത്.എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സി.കെ. സജികുമാർ മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു. ചാലക്കുടി നഗരസഭ ചെയർപേഴ്സൺ ആലീസ് ഷിബു ചടങ്ങിൽ അധ്യക്ഷത വഹിച്ചു. എക്സൈസ് അസിസ്റ്റന്റ് ഇൻസ്‌പെക്ടർ സുഖേഷ്കുമാർ വണ്ടിച്ചാൽ ചടങ്ങിൽ പങ്കെടുത്തവർക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.​ജനപ്രതിനിധികൾ, വിവിധ സർക്കാർ ഉദ്യോഗസ്ഥർ, ക്ലബ്ബുകൾ, കലാ-കായിക താരങ്ങൾ, വിവിധ സംഘടനാ ഭാരവാഹികൾ എന്നിവരടക്കം നൂറോളം ടീമുകളാണ് പുരുഷ-വനിതാ വിഭാഗങ്ങളിലായി ഈ ആവേശപ്പോരാട്ടത്തിൽ അണിചേർന്നത്.​​വാശിയേറിയ മത്സരത്തിനൊടുവിൽ പുരുഷ വിഭാഗത്തിൽ ‘ക്രാക്റ്റ് ചാലക്കുടി’ ഒന്നാം സ്ഥാനവും, നഗരസഭ ഓഫീസ് ടീമായ ‘അർജന്റീന ഫാൻസ്’ രണ്ടാം സ്ഥാനവും, ‘തരംഗ് ചാലക്കുടി’ മൂന്നാം സ്ഥാനവും സ്വന്തമാക്കി.​വനിതാ വിഭാഗത്തിൽ അലവി സെന്ററിലെ ‘ടീം നവോദയ’ ഒന്നാം സ്ഥാനവും, തച്ചുടപറമ്പ് ‘ടീം ഫ്രാൻസ്’ രണ്ടാം സ്ഥാനവും, ‘വാഴച്ചാൽ ഫോറസ്റ്റ് ഡിവിഷൻ ഓഫീസ്’ മൂന്നാം സ്ഥാനവും നേടി. മത്സരത്തിൽ പങ്കെടുത്ത മുഴുവൻ ടീമുകൾക്കും പ്രത്യേക സമ്മാനങ്ങളും വിതരണം ചെയ്തു.ചടങ്ങിൽ ചാലക്കുടി നഗരസഭ വൈസ് ചെയർമാൻ കെ.വി. പോൾ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ കെ.കെ. രാജു, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻമാരായ ആനി പോൾ, ഷിഫ സന്തോഷ്, ജിയോ കിഴക്കുംതല, ലിജി ജോജി എന്നിവർ സംസാരിച്ചു.​പാർലമെന്ററി പാർട്ടി ലീഡർമാരായ ഷിബു വാലപ്പൻ, ജിൽ ആന്റണി, വാർഡ് കൗൺസിലർമാരായ വി.ജെ. ജോജി, വിൽസൻ പാണാട്ട്പറമ്പിൽ, റെയ്സൻ ആലുക്ക എന്നിവരും സാംസ്കാരിക രംഗത്തെ പ്രമുഖരായ കലാഭവൻ ജയൻ, മുരളി ചാലക്കുടി, പ്രദീപ് പൂലാനി തുടങ്ങിയവരും പരിപാടിക്ക് ആശംസകൾ നേർന്നു. കായിക വിനോദങ്ങളിലൂടെ ലഹരിക്കെതിരെ ശക്തമായ പ്രതിരോധം തീർക്കാൻ ഇത്തരം കൂട്ടായ്മകൾക്ക് സാധിക്കുമെന്ന് ചടങ്ങിൽ പങ്കെടുത്തവർ അടിവരയിട്ടു പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *