തൃശ്ശൂർ: വൈവിധ്യങ്ങളുടെ ഏകത്വത്തിൽ അധിഷ്ഠിതമായ ഇന്ത്യൻ ഭരണഘടന ഇന്ന് കടുത്ത വെല്ലുവിളികൾ നേരിടുകയാണെന്ന് സി.പി.ഐ.എം ജില്ലാ സെക്രട്ടറി കെ.വി. അബ്ദുൾ ഖാദർ പ്രസ്താവിച്ചു. ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളന സ്വാഗതസംഘവും സി.ഒ. പൗലോസ് മാസ്റ്റർ പഠനകേന്ദ്രവും സംയുക്തമായി സംഘടിപ്പിച്ച ‘ജുഡീഷ്യറിയും ഭരണഘടനയും ഇന്ത്യൻ വർത്തമാനവും’ എന്ന സെമിനാറിൽ അധ്യക്ഷപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
രാജ്യം ഭരിക്കുന്നവർ തന്നെ ഭരണഘടനാ മൂല്യങ്ങളെ പരസ്യമായി അട്ടിമറിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ഭരണഘടന ഉറപ്പുനൽകുന്ന വിശ്വാസസ്വാതന്ത്ര്യത്തെ വിവിധ നിയമനിർമ്മാണങ്ങളിലൂടെ ഇല്ലാതാക്കാനാണ് ശ്രമം നടക്കുന്നത്. ഭരണാധികാരികളിൽ നിന്ന് നഗ്നമായ സ്ത്രീവിദ്വേഷവും ന്യൂനപക്ഷവിരുദ്ധ നിലപാടുകളുമാണ് ഉണ്ടാകുന്നത്.
ഉന്നത വിദ്യാഭ്യാസ രംഗത്തെ വർഗീയവൽക്കരണവും ജനാധിപത്യവിരുദ്ധ നിലപാടുകളും ഭരണഘടനാ തത്ത്വങ്ങൾക്ക് നിരക്കാത്തതാണ്. ഭരണഘടനാ മൂല്യങ്ങളെ തകർക്കാൻ ശ്രമിക്കുന്ന വർഗീയ-അധികാര ശക്തികൾക്കെതിരെ രാജ്യത്തെ മുഴുവൻ ജനാധിപത്യ-മതനിരപേക്ഷ വാദികളും ഒന്നിക്കണമെന്നും, ഇതിനെതിരെ ശക്തമായ പ്രതിഷേധങ്ങളും ചർച്ചകളും സംഘടിപ്പിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
ഇന്ത്യൻ ഭരണഘടന കടുത്ത വെല്ലുവിളികൾ നേരിടുന്നു: കെ.വി. അബ്ദുൾ ഖാദർ



