​സെന്റ് മേരീസ് ചർച്ച് വാർഡ് സഭാ യോഗം ചേർന്നു; രൂക്ഷമായ ഗതാഗതക്കുരുക്കിൽ പ്രതിഷേധ സൂചകമായി സമര മുന്നറിയിപ്പ്

​ചാലക്കുടി: വയോജന ക്ലബ്ബിൽ വെച്ച് സെന്റ് മേരീസ് ചർച്ച് വാർഡിന്റെ വാർഡ് സഭ യോഗം ചേരുകയുണ്ടായി. വാർഡ് കൗൺസിലർ അൽഫോൻസ ചാക്കോയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ O.S. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.
​മുൻ കൗൺസിലർ C.S. സുരേഷ്, വാർഡ് വികസന സമിതി അംഗങ്ങളായ പാവുണ്ണി കെ. എ., ജോഷി പുത്തിരിക്കൽ എന്നിവർ ചടങ്ങിൽ സംസാരിച്ചു.

ചാലക്കുടി വൈസ് മെൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട വാർഡ് വികസന സമിതി അംഗം ജോഷി പുത്തിരിക്കലിനെ യോഗത്തിൽ പൊന്നാട അണിയിച്ച് ആദരിച്ചു.

വാർഡിലെ തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഓണക്കോടി വിതരണം ചെയ്തു.

വ്യക്തിഗത, ഗ്രൂപ്പ്, കുടുംബ ആനുകൂല്യങ്ങൾക്കായുള്ള അപേക്ഷകൾ എത്രയും പെട്ടെന്ന് സമർപ്പിക്കണമെന്ന് കൗൺസിലർ യോഗത്തിൽ അറിയിച്ചു.
​യോഗത്തിൽ ഉയർന്ന പ്രധാന വിഷയങ്ങളും തീരുമാനങ്ങളും:

പോലീസ് സ്റ്റേഷൻ റോഡിന്റെ ഇരുവശങ്ങളിലും, കള്ളുഷാപ്പ് റോഡിൽ നിന്ന് മാർക്കറ്റിലേക്ക് പ്രവേശിക്കുന്ന കോർണറിലും വാഹനങ്ങൾ അനാവശ്യമായി പാർക്ക് ചെയ്യുന്നത് മൂലം വാർഡിൽ രൂക്ഷമായ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. സമീപത്തെ വീടുകളിൽ നിന്ന് വാഹനങ്ങൾ പുറത്തേക്കിറക്കാൻ പോലും സാധിക്കാത്ത സ്ഥിതിയാണുള്ളത്.

പോലീസ് സ്റ്റേഷന്റെ മതിൽ ഏതു നിമിഷവും നിലംപതിക്കാവുന്ന അവസ്ഥയിലാണ്. വലിയൊരു അപകടത്തിന് സാധ്യതയുള്ളതിനാൽ അധികാരികൾ അടിയന്തരമായി ഇടപെട്ട് പരിഹാരം കാണണമെന്ന് യോഗം ആവശ്യപ്പെട്ടു.

ഈ വിഷയങ്ങളിൽ എത്രയും പെട്ടെന്ന് നടപടി ഉണ്ടായില്ലെങ്കിൽ വാർഡ് വികസന സമിതിയുടെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധ സമരം സംഘടിപ്പിക്കാൻ യോഗത്തിൽ തീരുമാനമായി.

വാർഡിലെ ചില പ്രദേശങ്ങളിലെ വീടുകളിലെ കിണറുകളിൽ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. അതിനാൽ വാർഡിലെ മുഴുവൻ വീടുകളിലെയും കിണറ്റിലെ വെള്ളം അടിയന്തരമായി പരിശോധിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് യോഗം അഭ്യർത്ഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *