ചാലക്കുടി: കോടശ്ശേരി ഗ്രാമപഞ്ചായത്തിലെ പത്താം വാർഡിൽ പൊന്നംപൊളിയിൽ കാട്ടുമൃഗത്തിന്റെ ആക്രമണത്തിൽ ആട് ചത്തു. തൊട്ടിയിൽ പൗലോസിന്റെ വീട്ടുവളപ്പിൽ വളർത്തിയിരുന്ന ആടിനെയാണ് പുലിയെന്ന് സംശയിക്കുന്ന കാട്ടുമൃഗം ആക്രമിച്ച് കൊന്ന് വലിച്ചിഴച്ച് കൊണ്ടുപോയതായി പരാതി.
സംഭവമറിഞ്ഞതിനെ തുടർന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനന്ദ നാരായണൻ, വൈസ് പ്രസിഡന്റ് എസ്തപ്പാനോസ്, വാർഡ് മെമ്പർ രജനി അഭിലാഷ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഓമന രവി തുടങ്ങിയ ജനപ്രതിനിധികളും നാട്ടുകാരും സ്ഥലത്തെത്തി. ആടിന്റെ ജഡം പോസ്റ്റ്മോർട്ടത്തിന് ശേഷം മറവുചെയ്തു.
പ്രദേശത്ത് പുലിയുടെയോ മറ്റേതെങ്കിലും കാട്ടുമൃഗത്തിന്റെയോ സാന്നിധ്യമുണ്ടോയെന്ന് സ്ഥിരീകരിക്കുന്നതിനായി വനംവകുപ്പ് പ്രദേശത്ത് ക്യാമറകൾ സ്ഥാപിച്ചു. ക്യാമറയിൽ പതിയുന്ന ദൃശ്യങ്ങൾ പരിശോധിച്ച് കാട്ടുമൃഗത്തിന്റെ സാന്നിധ്യം സംബന്ധിച്ച് വ്യക്തത വരുത്താനാണ് വനംവകുപ്പിന്റെ നടപടി.
സംഭവത്തെ തുടർന്ന് പൊന്നംപൊളിയിലും പരിസര പ്രദേശങ്ങളിലും നാട്ടുകാർ ആശങ്കയിലാണ്. രാത്രികാലങ്ങളിൽ പുറത്തിറങ്ങുന്നതിനും വളർത്തുമൃഗങ്ങളെ പുറത്തുവിടുന്നതിനും ഭയമുണ്ടെന്ന് പ്രദേശവാസികൾ പറഞ്ഞു.
കാട്ടുമൃഗത്തിന്റെ സാന്നിധ്യം സ്ഥിരീകരിക്കുന്ന പക്ഷം മനുഷ്യജീവനും വളർത്തുമൃഗങ്ങൾക്കും സുരക്ഷ ഉറപ്പാക്കുന്നതിനുള്ള പ്രതിരോധ നടപടികൾ അടിയന്തരമായി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ന്യൂസ് ഡെസ്ക് | കേരളടൈംസ്
പൊന്നംപൊളിയിൽ വളർത്ത് മൃഗത്തെ കൊന്ന കാട്ടു മൃഗത്തെ കണ്ടെത്താൻ വനംവകുപ്പ്ക്യാമറകൾ സ്ഥാപിച്ചു





