
ആയുർവേദ ചികിത്സാ-അധ്യാപന രംഗത്തും സംസ്കൃത പഠനരംഗത്തും ശ്രദ്ധേയമായ സംഭാവനകൾ നൽകിയ ഡോ. കെ. മുരളിക്ക് കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ ആദരം. 2026-ലെ സംസ്കൃത ദിനാചരണത്തിന്റെ ഭാഗമായി സർവകലാശാല ഏർപ്പെടുത്തിയ ‘ആയുർവേദ പണ്ഡിതൻ’ ബഹുമതിയാണ് ഡോ. കെ. മുരളിക്ക് സമ്മാനിച്ചത്.
ആയുർവേദ ചികിത്സകനും അധ്യാപകനും പണ്ഡിതനുമായ ഡോ. കെ. മുരളി 32 വർഷക്കാലം ആയുർവേദ അധ്യാപന രംഗത്ത് പ്രവർത്തിച്ചിട്ടുണ്ട്. ഔദ്യോഗിക സേവനത്തിൽ നിന്ന് വിരമിക്കുമ്പോൾ തൃപ്പൂണിത്തുറ ഗവൺമെന്റ് ആയുർവേദ കോളേജിൽ മെഡിക്കൽ സൂപ്രണ്ടും വൈസ് പ്രിൻസിപ്പലുമായും സേവനമനുഷ്ഠിച്ചിരുന്നു. ആയുർവേദ ചികിത്സയിലും അധ്യാപനത്തിലും ഭരണരംഗത്തും അദ്ദേഹം നൽകിയ ദീർഘകാല സേവനങ്ങൾ പരിഗണിച്ചാണ് സർവകലാശാലയുടെ ആദരം.
ആയുർവേദത്തിലും സംസ്കൃതത്തിലും ബിരുദാനന്തര ബിരുദം നേടിയിട്ടുള്ള ഡോ. മുരളി, പാരമ്പര്യ ആയുർവേദ വിജ്ഞാനവും സംസ്കൃതപഠനവും സമന്വയിപ്പിച്ച് പ്രവർത്തിച്ച വ്യക്തിയാണ്. ചാലക്കുടിയിലെ പ്രമുഖ ആയുർവേദ പണ്ഡിതനും വൈദ്യനുമായ വൈദ്യഭൂഷണം പത്മഭൂഷൻ കെ. രാഘവൻ തിരുമുൽപ്പാടിന്റെ മകനാണ് ഡോ. കെ. മുരളി.
ആയുർവേദ അധ്യാപന രംഗത്തെ മികവിന് 2014-ൽ മികച്ച ആയുർവേദ അധ്യാപകനുള്ള സംസ്ഥാന അവാർഡും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ചികിത്സ, അധ്യാപനം, അക്കാദമിക പ്രവർത്തനം എന്നിവയിലൂടെ ആയുർവേദ വിജ്ഞാനത്തിന്റെ പ്രചാരണത്തിനും തലമുറകളിലേക്ക് അതിന്റെ പാരമ്പര്യം കൈമാറുന്നതിനും അദ്ദേഹം നൽകിയ സംഭാവനകൾ ശ്രദ്ധേയമാണ്.
കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല ആസ്ഥാനത്ത് നടന്ന സംസ്കൃത ദിനാചരണ ചടങ്ങ് വൈസ് ചാൻസലർ പ്രൊഫ. സി. എസ്. തോമസ് ഉദ്ഘാടനം ചെയ്തു.
ഡോ. വി. കെ. ഭവാനി അധ്യക്ഷത വഹിച്ച ചടങ്ങിൽ ഉജ്ജയിനിയിലെ പാണിനി സംസ്കൃത സർവകലാശാല മുൻ വൈസ് ചാൻസലർ പ്രൊഫ. സി. ജി. വിജയകുമാർ മുഖ്യപ്രഭാഷണം നടത്തി.
സർവകലാശാലാ സിൻഡിക്കേറ്റ് അംഗം പ്രൊഫ. കെ. ഉണ്ണികൃഷ്ണൻ ഡോ. കെ. മുരളിക്ക് കീർത്തിപത്രവും ഉപഹാരവും സമ്മാനിച്ചു.
ആയുർവേദവും സംസ്കൃതവും തമ്മിലുള്ള ആഴത്തിലുള്ള ബന്ധത്തെ ഉയർത്തിപ്പിടിക്കുകയും പരമ്പരാഗത വിജ്ഞാനത്തെ അക്കാദമിക തലത്തിൽ കൂടുതൽ പ്രസക്തമാക്കുകയും ചെയ്യുന്ന പ്രവർത്തനങ്ങൾക്ക് നൽകിയ അംഗീകാരമായാണ് ഡോ. കെ. മുരളിക്കുള്ള ഈ ആദരം വിലയിരുത്തപ്പെടുന്നത്.
ന്യൂസ്ഡെസ്ക് കേരളടൈംസ്




