ജല സംരക്ഷണ ദൗത്യം

വായുപോലെ ചെലവ് ഏതുമില്ലാതെ ജഗന്നിയന്താവ് തരുന്ന ദാനമാണ് വെള്ളവും. ‘എൻ്റെ കണ്ണീർക്കണങ്ങൾ അങ്ങ് കുപ്പിയിൽ ശേഖരിച്ചിട്ടുണ്ട്’ (കീർത്തനം 56,8) എന്ന് ബൈബിളിൽ എഴുതിയിട്ടുണ്ട്.
ഇതേ കരുതലിൽ ഈശ്വരവരഭാനമായ വെള്ളത്തേയും സൂക്ഷിക്കണം, സൂക്ഷിച്ച് ഉപയോഗിക്കണം. ജലത്തെ പാലനം ചെയ്താലേ പാനം ചെയ്യാൻ ഉണ്ടാകൂ.

കാലാവസ്ഥാ വ്യതിയാനം നമ്മൾ നേരിടുന്ന വലിയൊരു വിപത്താണല്ലോ. ‘എൽ നിനോ’ പസഫിക് മഹാസമുദ്രത്തിൽ സംഭവിക്കുന്ന ഒരു പ്രതിഭാസം. അസാധാരണമായി ചൂടുള്ള ഉപരിതലജലം വ്യാപാരക്കാറ്റുകളെ ദുർബ്ബലപ്പെടുത്തി വിപരീത ദിശകളിലേക്കു വിടുന്നു. സമുദ്രതാപനിലയിലും വായൂസഞ്ചാരവഴികളിലെ ഗതിമാറ്റങ്ങളും ആഗോള കാലാവസ്ഥയെ തടസ്സപ്പെടുത്തുന്നതു മൂലം ഏഷ്യാവൻകരയിൽ വരൾച്ചയും അമേരിക്കയിൽ വെള്ളപ്പൊക്കവും സംഭവിക്കുന്നു. ഇതിൻ്റെ ഫലമായിട്ടാവാം നമ്മൾ മഴക്കുറവ് നേരിടുന്നത്.

ജലത്തിന്മേലുള്ള കരുതലാണ് ജലക്ഷാമത്തെ നേരിടാനുള്ള നടപടി. മലനാട്, ഇടനാട്, തീരപ്രദേശം എന്നീ ഭൂപ്രകൃതിയുള്ള നമ്മുടെ നാട്ടിൽ സഹ്യാദ്രിയിൽനിന്നും പുറപ്പെടുന്ന 44 പ്രധാന നദികളാണുള്ളത്. ഇതിൽ 41 എണ്ണം പടിഞ്ഞാറോട്ടും 3 എണ്ണം കിഴക്കോട്ടും ഒഴുകുന്നു, ഇന്ത്യൻമഹാസമുദ്രത്തിൽ പതിക്കുന്നു. വൈദ്യുതി ഉല്പാദനം, ജലസേചനം തുടങ്ങിയവയ്ക്കായി വെള്ളം ഉപയോഗിക്കുന്നുണ്ടെങ്കിലും കാലാവസ്ഥാവ്യതിയനഫലമായി വരൾച്ച വരുമ്പോൾ കരുതൽ ജലം എന്ന വിഭവം കരുതുന്നതിൽ എന്ത് നടപടി ഉണ്ട്, എത്ര ജാഗ്രതയുണ്ട് നമുക്ക് എന്നു വിചാരപ്പെടണം.

വിദ്യാലയങ്ങളിലൂടെ സാധിക്കാവുന്ന ബോധന പ്രക്രിയ, വീടിനോടുചേർന്നൊരു മഴവെള്ള സംഭരണി ഇവയെല്ലാം പ്രശ്നപരിഹാരവഴികളാണ്.

***ഭൂമധ്യരേഖയ്ക്കു ഇരുവശത്തുമായി ഉഷ്ണമേഖലാപ്രദേശങ്ങളിൽ കിഴക്കുനിന്നും പടിഞ്ഞാറോട്ട് സ്ഥിരമായി വീശുന്നകാറ്റിനെ വാണിജ്യവാതങ്ങൾ, വ്യാപാരക്കാറ്റുകൾ (Trade Winds) എന്നു പറയുന്നു. ഉത്തരാർദ്ധഗോളത്തിൽ ഇവ വടക്കുകിഴക്കു നിന്നും ദക്ഷിണാർദ്ധഗോളത്തിൽ തെക്കുകിഴക്കുനിന്നുമാണ് ഇവ വീശുന്നത്.

Leave a Reply

Your email address will not be published. Required fields are marked *