ചാലക്കുടി: കേരളത്തിൽ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) സ്ഥാപിക്കുന്നതിനായി പരിഗണിക്കുന്ന കേന്ദ്രങ്ങളുടെ മുൻഗണനാ പട്ടികയിൽ കൊരട്ടിയും ഉൾപ്പെട്ട സാഹചര്യത്തിൽ, എയിംസ് മധ്യകേരളത്തിന്റെ ഹൃദയഭാഗമായ കൊരട്ടിയിൽ തന്നെ സ്ഥാപിക്കണമെന്ന് ആം ആദ്മി പാർട്ടി ചാലക്കുടി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
ദേശീയപാത, റെയിൽവേ, നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം എന്നിവയുമായി മികച്ച ഗതാഗത ബന്ധമുള്ളതും, വിശാലമായ സർക്കാർ ഭൂമിയുടെ ലഭ്യതയും, മതിയായ ജലസ്രോതസ്സും ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾകൊണ്ട് എയിംസ് പോലുള്ള ദേശീയ പ്രാധാന്യമുള്ള ആരോഗ്യസ്ഥാപനത്തിന് ഏറ്റവും അനുയോജ്യമായ കേന്ദ്രമാണ് കൊരട്ടിയെന്ന് മണ്ഡലം കമ്മിറ്റി അഭിപ്രായപ്പെട്ടു.
അതേസമയം, എല്ലാ പ്രധാന വികസന പദ്ധതികളും ഒരേ പ്രദേശത്ത് കേന്ദ്രീകരിക്കുന്ന പ്രവണത ജനാധിപത്യപരമായ വികസന സങ്കൽപ്പത്തിന് വിരുദ്ധമാണെന്നും, തിരുവനന്തപുരത്ത് രണ്ടാം മെഡിക്കൽ കോളേജ് സ്ഥാപിക്കാനുള്ള സർക്കാർ തീരുമാനത്തിന്റെ പശ്ചാത്തലത്തിൽ ആം ആദ്മി പാർട്ടി ആശങ്ക രേഖപ്പെടുത്തി.
സംസ്ഥാനത്തെ ആരോഗ്യരംഗത്തെ വികസനം എല്ലാ മേഖലകളിലേക്കും തുല്യമായി വ്യാപിപ്പിക്കേണ്ടതുണ്ടെന്നും, രണ്ടാം മെഡിക്കൽ കോളേജ് സ്ഥാപിക്കുന്നതിന് വയനാട്, ഇടുക്കി, കാസർഗോഡ് എന്നീ ആരോഗ്യ അടിസ്ഥാനസൗകര്യങ്ങളിൽ പിന്നാക്കം നിൽക്കുന്ന ജില്ലകൾക്ക് മുൻഗണന നൽകണമെന്നും യോഗം ആവശ്യപ്പെട്ടു. ഇതിലൂടെ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ജനങ്ങൾക്ക് കൂടുതൽ മെച്ചപ്പെട്ട ചികിത്സാ സേവനങ്ങൾ ലഭ്യമാക്കാൻ കഴിയുമെന്നും യോഗം വിലയിരുത്തി.
മണ്ഡലം പ്രസിഡന്റ് ബിനോയ് ജോസഫ് അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി സാജു ജോസഫ്, ട്രഷറർ ഹരീഷ് കുമാർ, ബാബു പി.പി., വിൽസൺ എം. ഐ., ബിൽസി ജോയ്, പുഷ്പകരൻ ടി. എം. എന്നിവർ സംസാരിച്ചു.
എയിംസ് കൊരട്ടിയിൽ സ്ഥാപിക്കണം; മധ്യകേരളത്തിന്റെ വികസനത്തിന് നിർണായകമാകുമെന്ന് ചാലക്കുടി മണ്ഡലം ആം ആദ്മി പാർട്ടി.




