തെരുവ് നായ ശല്യത്തിന് പരിഹാരം: ചൂണ്ടൽ പഞ്ചായത്തിൽ ഷെൽട്ടർ സ്ഥാപിക്കാൻ തീരുമാനം

​കേച്ചേരി: ചൂണ്ടൽ ഗ്രാമപഞ്ചായത്തിൽ രൂക്ഷമായ തെരുവുനായ ശല്യത്തിന് പരിഹാരമായി ഷെൽട്ടർ സ്ഥാപിക്കാൻ ഭരണസമിതി യോഗത്തിൽ തീരുമാനമായി. പ്രതിപക്ഷമായ യു.ഡി.എഫ് അംഗങ്ങളുടെ ശക്തമായ ഇടപെടലിനെത്തുടർന്നാണ് തീരുമാനം.​വിദ്യാർത്ഥിക്ക് നായയുടെ കടിയേറ്റ് ചൂണ്ടൽ യു.പി. സ്കൂൾ അടച്ചിടേണ്ടി വന്നതും, തൊഴിലുറപ്പ് തൊഴിലാളിക്ക് പേപ്പട്ടിയുടെ കടിയേറ്റതും, അങ്കണവാടിയിൽ തെരുവുനായ പ്രസവിച്ചുകിടന്ന സംഭവവുമടക്കം പ്രദേശത്ത് ജനജീവിതം ദുസ്സഹമായിരുന്നു. വിഷയത്തിൽ ഭരണസമിതിയുടെ ഭാഗത്തുനിന്ന് കാര്യക്ഷമമായ നടപടികൾ ഉണ്ടാകാത്തതിൽ പ്രതിഷേധിച്ചാണ് പ്രതിപക്ഷം അടിയന്തരമായി ഇടപെട്ടത്.​യു.ഡി.എഫ് അംഗങ്ങളായ ടി.ഒ. സെബി, കെ.എ. പോൾസൺ, അനുഷ ഷാഫർ, ജെസ്സി ജോസഫ്, റസിയ അലി, ശയ്ശന, ജിംഷാദ്, അനീഷ് ആന്റണി എന്നിവർ നൽകിയ നോട്ടീസിൻ്റെ അടിസ്ഥാനത്തിൽ പ്രത്യേക പഞ്ചായത്ത് യോഗം ചേരുകയായിരുന്നു.​ഷെൽട്ടറിനായി സ്ഥലം വിട്ടുനൽകാൻ തയ്യാറായ ചൂണ്ടൽ സ്വദേശി ഷാജന്റെ വാഗ്ദാനപത്രം യു.ഡി.എഫ് പാർലമെന്ററി ബോർഡ് സെക്രട്ടറിയും 19-ാം വാർഡ് അംഗവുമായ അനീഷ് ആന്റണി യോഗത്തിൽ സമർപ്പിച്ചു. തുടർന്ന് നടന്ന ചർച്ചയ്ക്കൊടുവിൽ ഷെൽട്ടർ നിർമ്മിക്കാനുള്ള നിർദേശം ഭരണസമിതി അംഗീകരിക്കുകയായിരുന്നു.​നാടിന്റെ സുരക്ഷയ്ക്കും തെരുവുനായ ശല്യത്തിന് ശാശ്വത പരിഹാരം കാണുന്നതിനുമുള്ള നിർണായക ചുവടുവയ്പ്പാണിതെന്ന് യു.ഡി.എഫ് അംഗങ്ങൾ വ്യക്തമാക്കി. ജനകീയ വിഷയങ്ങളിൽ ശക്തമായ ഇടപെടലുകളുമായി മുന്നോട്ടുപോകുമെന്നും അവർ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *