കാസർകോട്: മദ്യപിച്ച് ദേശീയപാതയിലൂടെ അമിതവേഗതയിലും അപകടകരമായ രീതിയിലും വാഹനമോടിച്ച പ്രശസ്ത യൂട്യൂബർ ‘ഹെലൻ ഓഫ് സ്പാർദ’ എന്ന എസ്.ആർ. ധന്യയുടെ ഡ്രൈവിങ് ലൈസൻസ് മോട്ടോർ വാഹന വകുപ്പ് സസ്പെൻഡ് ചെയ്തു. മൂന്ന് മാസത്തേക്കാണ് സസ്പെൻഷൻ. ലൈസൻസ് റദ്ദാക്കിയതിന് പുറമേ, മോട്ടോർ വാഹന വകുപ്പിന്റെ മൂന്ന് ദിവസത്തെ നിർബന്ധിത പരിശീലന ക്ലാസിലും ധന്യ പങ്കെടുക്കേണ്ടതുണ്ട്.
ജൂലൈ ഒന്നിനായിരുന്നു കേസിനാസ്പദമായ സംഭവം. സ്വകാര്യ ചടങ്ങിൽ പങ്കെടുത്ത ശേഷം കാസർകോട്ടെ ദേശീയപാതയിലൂടെ മദ്യപിച്ച് വാഹനമോടിച്ചു വരികയായിരുന്ന ധന്യയെ പോലീസ് തടയാൻ ശ്രമിച്ചെങ്കിലും, വാഹനം നിർത്താതെ അമിതവേഗതയിൽ ഓടിച്ചുപോവുകയായിരുന്നു. തുടർന്ന് കിലോമീറ്ററുകളോളം പിന്തുടർന്നാണ് സിനിമ സ്റ്റൈലിൽ പോലീസ് വാഹനം തടഞ്ഞുനിർത്തി ഇവരെ കസ്റ്റഡിയിലെടുത്തത്. മദ്യപിച്ച് അപകടകരമായ രീതിയിൽ വാഹനമോടിച്ചതിന് കഴിഞ്ഞ മാസമാണ് ധന്യയ്ക്കെതിരെ പോലീസ് കേസെടുത്തത്.
മദ്യപിച്ച് അമിതവേഗതയിൽ വാഹനമോടിച്ചു; യൂട്യൂബർ ‘ഹെലൻ ഓഫ് സ്പാർദ’യുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു





