തൃശൂർ: രാഷ്ട്രീയ പ്രവർത്തനം ഒരു വ്യക്തിയുടെ മാത്രം ഇടപെടലല്ലെന്നും അതിന് പിന്നിലെ കുടുംബത്തിന്റെ പിന്തുണയും സഹകരണവും നിർണായകമാണെന്ന സന്ദേശവുമായി ആം ആദ്മി പാർട്ടി തൃശൂർ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കുടുംബസംഗമം ശ്രദ്ധേയമായി. കാക്കത്തുരുത്തി സീഷോർ റിസോർട്ടിൽ നടന്ന സംഗമം ജില്ലാ പ്രസിഡന്റ് ഡോ. ഷാജു കാവുങ്കൽ ഉദ്ഘാടനം ചെയ്തു.
ജില്ലയിലെ 13 മണ്ഡലങ്ങളിൽ നിന്നുള്ള പാർട്ടി വോളണ്ടിയർമാരും കുടുംബാംഗങ്ങളും പങ്കെടുത്ത സംഗമം സൗഹൃദത്തിന്റെയും ആശയവിനിമയത്തിന്റെയും വേദിയായി. ചർച്ചകളും വിവിധ സൗഹൃദ പരിപാടികളും പ്രവർത്തകരിലും കുടുംബാംഗങ്ങളിലും പുതിയ ഉണർവ് പകർന്നു.
പൊതുപ്രവർത്തനത്തിന്റെ തിരക്കുകൾക്കിടയിലും കുടുംബത്തോടുള്ള ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്നതിനൊപ്പം, പ്രവർത്തകർ ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രീയ ആശയങ്ങളും ലക്ഷ്യങ്ങളും കുടുംബാംഗങ്ങൾ മനസ്സിലാക്കുകയും പിന്തുണയ്ക്കുകയും ചെയ്യുമ്പോഴാണ് പൊതുജീവിതം കൂടുതൽ അർഥവത്താകുന്നതെന്ന് സംഗമം വിലയിരുത്തി.
പാർട്ടി പ്രവർത്തന രീതികളെക്കുറിച്ച് കുടുംബാംഗങ്ങൾക്ക് കൂടുതൽ വ്യക്തത നൽകാനും പ്രവർത്തകർ നേരിടുന്ന വെല്ലുവിളികളും ഉത്തരവാദിത്തങ്ങളും പങ്കുവെക്കാനും കുടുംബവും പൊതുപ്രവർത്തനവും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താനും സംഗമം സഹായകമായി. സുതാര്യതയും ജനപങ്കാളിത്തവും അടിസ്ഥാനമാക്കിയുള്ള പുതിയ രാഷ്ട്രീയ സംസ്കാരത്തിന് കുടുംബങ്ങളുടെ പിന്തുണ അനിവാര്യമാണെന്നും സംഘാടകർ പറഞ്ഞു.
ജില്ലാ സെക്രട്ടറി ഡോ. ഉണ്ണികൃഷ്ണൻ, വൈസ് പ്രസിഡന്റ് വിൽസൻ കല്ലൻ, ഇരിങ്ങാലക്കുട മണ്ഡലം പ്രസിഡന്റ് വിൻസെന്റ് കെ. പി. എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
“കുടുംബത്തോടൊപ്പം പ്രവർത്തകൻ; പ്രവർത്തകനോടൊപ്പം കുടുംബം — ജനങ്ങൾക്കൊപ്പം ഒരു പുതിയ രാഷ്ട്രീയ യാത്ര” എന്ന സന്ദേശത്തോടെയാണ് കുടുംബസംഗമത്തിന് സമാപനം കുറിച്ചത്.
ന്യൂസ് ഡെസ്ക് | കേരള ടൈംസ്





