വടക്കാഞ്ചേരി: ഉത്രാളിക്കാവ് ഭഗവതി ക്ഷേത്രത്തിലെ പതിനഞ്ചാമത് ശ്രീമദ് ദേവി ഭാഗവത നവാഹ യജ്ഞത്തിന് ഭക്തിനിർഭരമായ തുടക്കം. ഒന്നാം ദിനത്തിൽ പുരാണ തത്ത്വ നിർണ്ണയം മുതൽ ദേവീദർശന ഭാഗം വരെയുള്ള പാരായണമാണ് നടന്നത്.
രാവിലെ വിശേഷാൽ പൂജകൾക്ക് ശേഷം യജ്ഞവേദിയിൽ പ്രഭാഷണം, ഗുരുപൂജ, ഭുവനേശ്വരി അർച്ചന, ഗംഗാജല അഭിഷേകം, മാതൃപൂജ, പ്രധാന വഴിപാടായ അടനിവേദ്യം എന്നിവ നടന്നു. പെരുമ്പാവൂർ പട്ടിമറ്റം സി.ജെ.ആർ. പിള്ളയുടെ നേതൃത്വത്തിലാണ് യജ്ഞപാരായണം നടക്കുന്നത്.
യജ്ഞാഘോഷങ്ങൾക്ക് നവാഹ യജ്ഞ കമ്മിറ്റി ഭാരവാഹികളായ പി.ആർ. സുരേഷ് കുമാർ (പ്രസിഡന്റ്), കൃഷ്ണകുമാർ കണ്ടേരി (സെക്രട്ടറി), പി.വി. ഹരികൃഷ്ണൻ (ട്രഷറർ), സി. ജയേഷ് കുമാർ, ഉപദേശക സമിതി-മാതൃസമിതി അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി. യജ്ഞ ദിവസങ്ങളിൽ ദിവസേന 500-ഓളം പേർക്കുള്ള പ്രസാദഊട്ടും മറ്റ് സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്നും ഭക്തജനങ്ങൾ ചടങ്ങുകളിൽ പങ്കാളികളാകണമെന്നും സംഘാടകർ അഭ്യർത്ഥിച്ചു.
ഉത്രാളിക്കാവ് ക്ഷേത്രത്തിൽ ശ്രീമദ് ദേവി ഭാഗവത നവാഹ യജ്ഞം ഒന്നാം ദിന ചടങ്ങുകൾ പൂർത്തിയായി



