തൃശൂർ: ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്ത മൂന്ന് ദിവസത്തെ അമല പുസ്തകോത്സവത്തിന് സമാപനമായി. സമാപന സമ്മേളനം ചലച്ചിത്ര സംവിധായകരായ കമൽ, ബ്ലെസ്സി, സുന്ദർദാസ് എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു.
“മാറുന്ന തലമുറയിലെ മായുന്ന വായന” എന്ന വിഷയത്തിൽ കമൽ, ബ്ലെസ്സി, സുന്ദർദാസ് എന്നിവർ പങ്കെടുത്ത റൗണ്ട് ടേബിൾ പാനൽ ചർച്ചയും സമാപന ദിവസത്തിന്റെ ഭാഗമായി നടന്നു. എഴുത്തുകാരി ഡോ. ശ്യാമ ശശിധരൻ മോഡറേറ്ററായി. അമല ഡയറക്ടർ ഫാ. ജൂലിയസ് അറക്കൽ അധ്യക്ഷത വഹിച്ചു.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലായി നൂറിലധികം ലൈബ്രറികൾ സ്ഥാപിക്കുന്നതിനും നവീകരിക്കുന്നതിനും നേതൃത്വം നൽകിയ അമല അസോസിയേറ്റ് ചീഫ് ലൈബ്രേറിയനും ലൈബ്രറി ഡിസൈനറുമായ ഫാ. ഡോ. ജോൺ നീലങ്കാവിൽ സി.എം.ഐ.യെ ചടങ്ങിൽ ചലച്ചിത്ര സംവിധായകൻ കമൽ പൊന്നാട അണിയിച്ച് ആദരിച്ചു.
മൂന്ന് മാസങ്ങളായി സംഘടിപ്പിച്ച വിവിധ സാഹിത്യ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനങ്ങളും പുരസ്കാരങ്ങളും സുന്ദർദാസും ബ്ലെസ്സിയും വിതരണം ചെയ്തു. അസോസിയേറ്റ് ഡയറക്ടർ ഫാ. ഡോ. ആന്റണി മണ്ണുമ്മൽ സി.എം.ഐ., ചീഫ് ലൈബ്രേറിയൻ ഡോ. എ. ടി. ഫ്രാൻസിസ് എന്നിവർ പ്രസംഗിച്ചു.
സാഹിത്യവും മാധ്യമവും ആരോഗ്യവും ചർച്ചയായി
സമാപന ദിവസത്തെ രാവിലെ “ജെൻ സിയും എഴുത്തും” എന്ന വിഷയത്തിൽ നടന്ന സാഹിത്യ പാനൽ ചർച്ച പത്രപ്രവർത്തകരായ ജോർജ് പുളിക്കൻ, നിഷാന്ത് എ.വി., എഡ്വിൻ ഹിച്ചിക്കെർ എന്നിവർ നയിച്ചു.
“വന്ധ്യതയും സമൂഹവും” എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ എഴുത്തുകാരൻ മണികണ്ഠൻ കെ.വി., ഡോ. ബി. വിബിൻ എന്നിവർ വിഷയാവതരണം നടത്തി. തുടർന്ന് നടന്ന മോട്ടിവേഷൻ സെഷനിൽ ഡോ. അജിത്ത് കെ.എസ്., ഡോ. ദീപ്തി കെ.പി. എന്നിവർ സംസാരിച്ചു.
“ആരോഗ്യ ഗവേഷണവും എ.ഐ.യും”, “ബാലൻസ് ചെയ്യൽ: പേഷ്യന്റ് ഓട്ടോണമി” എന്നീ വിഷയങ്ങളിൽ നടന്ന മെഡിക്കൽ സെമിനാറുകളിൽ ഡോ. പ്രിൻസ് എം. പോൾ, ഡോ. ഡിജോ ഡേവിസ് എന്നിവർ വിഷയങ്ങൾ അവതരിപ്പിച്ചു.
ഭിന്നശേഷിക്കാരുടെ സംഗമവും അവരുടെ രക്ഷിതാക്കൾക്കായുള്ള ശിൽപ്പശാലയും ഡോ. പാർവതി മോഹൻ, ഡോ. മനോജ് വെള്ളനാട്, പിൻസി പോൾ എന്നിവർ നയിച്ചു.
വായന മുതൽ വെള്ളിത്തിര വരെ
“വായനയും ആരോഗ്യവും” എന്ന വിഷയത്തിൽ നടന്ന ചർച്ച എഴുത്തുകാരൻ സന്തോഷ് എച്ചിക്കാനവും ഡോ. മനോജ് വെള്ളനാടും നയിച്ചു. ചീഫ് നഴ്സിങ് ഓഫീസർ ലക്ഷ്മി എം. മോഡറേറ്ററായി.
“വെള്ളിത്തിരയിലെ അപ്പോത്തിക്കിരി” എന്ന വിഷയത്തിൽ നടന്ന പാനൽ ചർച്ചയിൽ സിനിമാ നിർമ്മാതാവ് അഭിജിത്ത് സജീവ്, ഗാനരചയിതാവ് കവിപ്രസാദ് ഗോപിനാഥ് എന്നിവർ പങ്കെടുത്തു. ഡോ. ജോജു ആന്റണി മോഡറേറ്ററായി.
“പറയാൻ മറന്ന പാട്ടുകൾ” എന്ന വിഷയത്തിൽ കവി റഫീഖ് അഹമ്മദ് സംസാരിച്ചു. എഴുത്തുകാരനും ഇ.എൻ.ടി. പ്രൊഫസറുമായ അർജുൻ ജി. മേനോൻ മോഡറേറ്ററായി.
മാനസിക കൗശലങ്ങളുടെ അവതരണവുമായി മെന്റലിസ്റ്റ് മൃദുൽ നയിച്ച “ലൈവ് മെന്റലിസം ഷോ”യും നിഷാൽ ബാൻഡ് അവതരിപ്പിച്ച “എക്സ്ട്രാ വാഗൻസ്” മ്യൂസിക് ഷോയും പുസ്തകോത്സവത്തിന് കലാപരമായ സമാപനം നൽകി.
ന്യൂസ് ഡെസ്ക്
കേരളടൈംസ്




