മഴക്കെടുതിയിൽ നിന്ന് കരകയറാൻ ശ്രമിക്കുന്ന മലപ്പുറം ജില്ലയുടെ മലയോര കാർഷിക മേഖലയെ വീണ്ടും ഭീതിയിലാഴ്ത്തി വന്യജീവി ആക്രമണം. കൃഷിയിടങ്ങളിലും ജനവാസമേഖലകളിലും കടുവയുടെ സാന്നിധ്യം തുടർച്ചയായി സ്ഥിരീകരിക്കുന്നത് കർഷകരെയും തോട്ടം തൊഴിലാളികളെയും ഒരുപോലെ ആശങ്കയിലാഴ്ത്തുകയാണ്.
റബ്ബർ ടാപ്പിങ് ഉൾപ്പെടെയുള്ള കാർഷിക ജോലികൾ പുനരാരംഭിക്കുന്ന ഘട്ടത്തിലാണ് വന്യജീവിഭീഷണി രൂക്ഷമായിരിക്കുന്നത്. കടുവയുടെ സാന്നിധ്യം കണ്ടെത്താൻ വനംവകുപ്പ് വിവിധയിടങ്ങളിൽ ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും പ്രതീക്ഷിച്ച ഫലം ലഭിച്ചിട്ടില്ല.
മനുഷ്യസാന്നിധ്യം തിരിച്ചറിഞ്ഞ് കടുവ ക്യാമറകൾ സ്ഥാപിച്ച ഭാഗങ്ങൾ ഒഴിവാക്കുന്നതായാണ് പ്രദേശവാസികളുടെ വിലയിരുത്തൽ.
അതിനിടെ, ഗൂഡല്ലൂരിൽ കടുവയുടെ ആക്രമണത്തിൽ തോട്ടം തൊഴിലാളിയായ ബാലകൃഷ്ണൻ (54) കൊല്ലപ്പെട്ടു. രാത്രി തോട്ടത്തിൽ വെള്ളം ഒഴുക്കി വിടാൻ പോയ ഇയാളെ രാവിലെ മൃതദേഹം പാതി ഭക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്.
കേരള എസ്റ്റേറ്റിൽ വ്യാഴാഴ്ച രാത്രി മലയോര ഹൈവേയ്ക്കും പഴയ കടക്കൽ സ്കൂളിനും സമീപത്തുള്ള ജനവാസമേഖലയിലിട്ട് കടുവ കാട്ടുപന്നിയെ വേട്ടയാടി ഭക്ഷിച്ചിരുന്നു. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഇത്തരം ഭാഗങ്ങളിലേക്ക് പോലും കടുവയും പുലിയും എത്തുന്നത് വലിയ ഭീതിയുയർത്തുന്നുണ്ട്. മുൻപ് ടാപ്പിങ് തൊഴിലാളിയെ കടുവ ആക്രമിച്ച് കൊലപ്പെടുത്തിയ സംഭവം ഉണ്ടാക്കിയ ഞെട്ടൽ മാറാത്തതിനാൽ, ഒറ്റയ്ക്ക് ജോലിക്കിറങ്ങാൻ പലരും മടിക്കുകയാണ്.
ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ കൂടുതൽ ശാസ്ത്രീയവും സ്ഥിരവുമായ പ്രതിരോധ സംവിധാനങ്ങൾ വനംവകുപ്പ് ഏർപ്പെടുത്തണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.



