ഡബ്ലിൻ: അയർലൻഡിലെ കില്ലർണിയിൽ, ഗ്രീൻ ബസിന്റെ ഡബ്ലിൻ കോച്ചിൽ ഡ്രൈവറായ എ. ബി. സതീഷ് കുമാർ (സജൻ– 50) ആണ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞ ദിവസം ഉച്ചയോടെയായിരുന്നു സംഭവം.
കില്ലർണിയിൽ ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന സതീഷ് കുമാർ, പതിവുപോലെ നടന്നു പോകുന്നതിനിടെ പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട ദൃക്സാക്ഷികൾ ഉടൻ തന്നെ അടിയന്തര മെഡിക്കൽ സേവന വിഭാഗത്തെ വിവരമറിയിച്ചു. മിനിറ്റുകൾക്കകം സ്ഥലത്തെത്തിയ മെഡിക്കൽ സംഘം പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം കെറി ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
രണ്ട് വർഷത്തോളം പോളണ്ടിൽ ജോലി ചെയ്തിരുന്ന സതീഷ് കുമാർ, ഒരു വർഷം മുൻപാണ് മെച്ചപ്പെട്ട തൊഴിൽ അവസരങ്ങൾ തേടി അയർലൻഡിലെത്തിയത്. ഇരിങ്ങാലക്കുട മാപ്രാണം അണക്കത്തി വീട്ടിൽ പരേതരായ ബാലൻ–ഭാർഗവി ദമ്പതികളുടെ മകനാണ്. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു.
അയർലൻഡിൽ മലയാളി കുഴഞ്ഞുവീണു മരിച്ചു



