ചാലക്കുടി: കാട്ടാനക്കൂട്ടം എണ്ണപ്പനമരം മറിച്ചിട്ടതിനെ തുടർന്ന് പ്ലാന്റേഷൻ റോഡിൽ ഗതാഗതം തടസ്സപ്പെട്ടു. വെള്ളിയാഴ്ച രാവിലെ അഞ്ചരയോടെയാണ് സംഭവം.
ചാലക്കുടിയിൽ നിന്ന് പ്ലാന്റേഷനിലേക്ക് എത്തിയ കെ.എസ്.ആർ.ടി.സി. ബസും ടാപ്പിംഗ് തൊഴിലാളികളുമായി എത്തിയ വാഹനങ്ങളും മരം വീണതോടെ റോഡിൽ കുടുങ്ങി. തുടർന്ന് പ്ലാന്റേഷൻ തൊഴിലാളികൾ സ്ഥലത്തെത്തി മരം മുറിച്ചുനീക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു.
തുടർച്ചയായ കാട്ടാന ആക്രമണം മൂലം പ്ലാന്റേഷൻ മേഖലയിലെ തൊഴിലാളികളുടെ ജീവിതം ദുരിതത്തിലായിരിക്കുകയാണ്. രാത്രിയും പുലർച്ചെയുമുള്ള ആനകളുടെ സാന്നിധ്യം തൊഴിലാളികളിൽ ആശങ്ക വർധിപ്പിക്കുന്നുണ്ട്.
കാട്ടാനകളുടെ ആക്രമണം തടയുന്നതിനും തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും പ്ലാന്റേഷൻ മാനേജ്മെന്റിന്റെയും വനംവകുപ്പിന്റെയും ഭാഗത്തുനിന്ന് അടിയന്തര നടപടി വേണമെന്ന ആവശ്യം ശക്തമാണ്.
കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം: എണ്ണപ്പനമരം റോഡിലേക്ക് മറിഞ്ഞു; പ്ലാന്റേഷൻ റോഡിൽ ഗതാഗതം തടസ്സപ്പെട്ടു





