തൃശൂർ: സിപിഐ(എം)-നെ തകർക്കാൻ കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്യുന്ന രാഷ്ട്രീയ നീക്കങ്ങൾക്കെതിരെ തൃശൂർ ജില്ലയിൽ ശക്തമായ ജനകീയ പ്രതിരോധം സംഘടിപ്പിക്കുമെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ. ജില്ലയിലെ പാർട്ടി സംസ്ഥാന കമ്മിറ്റി അംഗങ്ങൾ പങ്കെടുത്ത യോഗത്തിലാണ് അദ്ദേഹം പ്രഖ്യാപനം നടത്തിയത്.
കള്ളപ്പണ വിരുദ്ധ നടപടികളുടെ മറവിൽ രാഷ്ട്രീയ നീക്കം
കേരളത്തിലും പ്രത്യേകിച്ച് തൃശൂരിലും ബാങ്കുകളെ മറയാക്കി കമ്മ്യൂണിസ്റ്റ് വിരുദ്ധ പരീക്ഷണങ്ങളാണ് നടക്കുന്നത്. കള്ളപ്പണ വിരുദ്ധ നടപടികളുടെ മറവിൽ കേന്ദ്ര ഏജൻസികളെ ദുരുപയോഗിച്ച് പാർട്ടി നേതൃത്വത്തെ ലക്ഷ്യമിടുന്നു. ഇതിനെ പ്രതിരോധിക്കാൻ ജനങ്ങളെ മുൻനിര പോരാളികളായി അണിനിരത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി.
മാധ്യമങ്ങൾക്കെതിരെ വിമർശനം
സിപിഐ(എം)-നെതിരെ മാധ്യമങ്ങൾ ബോധപൂർവമായ നിലപാടാണ് സ്വീകരിക്കുന്നതെന്ന് ഗോവിന്ദൻ മാസ്റ്റർ ആരോപിച്ചു.
ചില പ്രമുഖ മാധ്യമങ്ങളെ മാത്രം ആശ്രയിച്ച് പാർട്ടിയുടെ നിലപാടുകൾ ജനങ്ങളിലേക്ക് എത്തിക്കാനാകില്ല. പ്രസ്ഥാനത്തിനെതിരെ തെറ്റായ പ്രചാരണം നടത്തുന്ന മാധ്യമ വിചാരണകളെ മറികടക്കാൻ ഓരോ പാർട്ടി പ്രവർത്തകനും നേരിട്ട് ജനങ്ങളിലെത്തി സത്യം വിശദീകരിക്കണം.”
സഹകരണ മേഖലയെ സംരക്ഷിക്കും
കേരളത്തിലെ ജന ജീവിതവുമായി അഭേദ്യമായി ബന്ധപ്പെട്ടു കിടക്കുന്ന സഹകരണ മേഖലയെ തകർക്കാൻ കോൺഗ്രസും ബി.ജെ.പി.യും ഗൂഢാലോചന നടത്തുകയാണ്. ബാങ്ക് തട്ടിപ്പ് കേസുകളിൽ സിപിഐ(എം) നേതാക്കളെ പ്രതികളാക്കി പാർട്ടിയെ രാഷ്ട്രീയമായി തളർത്താനാണ് ശ്രമം.
മുതലാളിമാരുടെ പണം കൊണ്ടല്ല, ജനങ്ങളുടെ പിന്തുണയിലാണ് സിപിഐ(എം) പ്രവർത്തിക്കുന്നത്. ബാങ്കുകളിൽ നിന്നോ സഹകരണ സ്ഥാപനങ്ങളിൽ നിന്നോ പാർട്ടി പണം ദുരുപയോഗം ചെയ്തിട്ടില്ലെന്നും, ഇത്തരം ഏജൻസി നടപടികൾ അധികാര ദുർവിനിയോഗമാണെന്ന് കോടതികൾ പോലും ചൂണ്ടിക്കാണിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



