ചാലക്കുടി: വാർദ്ധക്യത്തിന്റെ ശാരീരിക പരിമിതികളെയും പ്രായത്തിന്റെ അതിർവരമ്പുകളെയും മറികടന്ന് മുതിർന്ന പൗരന്മാർ മൈതാനത്ത് ആവേശം നിറച്ച ‘ഗോൾഡൻ കിക്ക്’ ഷൂട്ട്ഔട്ട് മത്സരം ശ്രദ്ധേയമായി. കാർമൽ ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർഥികളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടി പങ്കെടുത്തവർക്ക് വേറിട്ട അനുഭവമായി.
ചാലക്കുടി നഗരസഭ 25-ാം വാർഡിൽ നിന്നുള്ള 25 പേരാണ് മത്സരത്തിൽ പങ്കെടുത്തത്. അഞ്ച് ടീമുകളായി തിരിഞ്ഞ് നടന്ന മത്സരത്തിൽ പുരുഷന്മാർക്കൊപ്പം സ്ത്രീകളും ആവേശപൂർവം പങ്കാളികളായി.
ജീവിതത്തിൽ ഒറ്റപ്പെട്ടുപോകുന്നവർക്കും വാർദ്ധക്യസഹജമായ മടുപ്പുകൾ അനുഭവിക്കുന്നവർക്കും കായികക്ഷമതയും പുതുമയാർന്ന ഉണർവും പകരുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
മത്സരം ഫാ. ജോസ് കല്ലേലി ഉദ്ഘാടനം ചെയ്തു. ഫാ. ചാക്കോ കരിപ്പായിയും വാർഡ് കൗൺസിലർ ബിന്ദു ശശികുമാറും മുഖ്യാതിഥികളായി. വിജയികൾക്കുള്ള സമ്മാനദാനം സ്കൂൾ മാനേജർ ഫാ. ഫ്രാങ്കോ ചിറ്റിലപ്പിള്ളി നിർവഹിച്ചു.
വിദ്യാർത്ഥികൾ, അധ്യാപകർ, അനധ്യാപകർ എന്നിവരും പരിപാടിയിൽ പങ്കെടുത്തു.


