ചാലക്കുടി : സെന്റ് മേരീസ് ഫൊറോന പള്ളിയിൽ സെപ്റ്റംബർ 8-ന് നടക്കുന്ന പരിശുദ്ധ ദൈവമാതാവിന്റെ പിറവി തിരുനാളിനോടനുബന്ധിച്ച് പൗരപ്രമുഖ സംഗമം സംഘടിപ്പിച്ചു. സെപ്റ്റംബർ 5-ന് ഉച്ചതിരിഞ്ഞ് മൂന്നിന് പാരിഷ് ഹാളിൽ നടന്ന സംഗമം തിരുനാളിന്റെ ആത്മീയ-സാമൂഹിക സന്ദേശങ്ങൾ പങ്കുവെച്ച വേദിയായി.
സുനിൽ ഡേവിഡ് സ്വാഗതം ആശംസിച്ചു. ഫൊറോന വികാരി ഫാ. വർഗീസ് പത്താടൻ സംഗമത്തിന്റെയും തിരുനാളിന്റെയും പ്രത്യേകതകളും തിരുനാളിനോടനുബന്ധിച്ച് നടപ്പാക്കുന്ന വിവിധ കാരുണ്യ പ്രവർത്തനങ്ങളും വിശദീകരിച്ചു. ചാലക്കുടി എം.എൽ.എ സനീഷ് കുമാർ ജോസഫ് ആശംസകൾ അർപ്പിച്ചു.
അസിസ്റ്റന്റ് വികാരിമാരായ ഫാ. ആൽബിൻ പുതുശ്ശേരി, ഫാ. ജോയൽ പുല്ലേലി, ഫാ. സിന്റോ പൊഴോലിപറമ്പിൽ, തിരുനാൾ ജനറൽ കൺവീനർ രാജീവ് വർഗീസ്, വിവിധ കമ്മിറ്റി കൺവീനർമാർ എന്നിവർ നേതൃത്വം നൽകി.
ചാലക്കുടിയിലെ വ്യാപാരി-വ്യവസായി സംഘടനാ നേതാക്കൾ, സർക്കാർ-അർധസർക്കാർ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർ, പത്ര-മാധ്യമ പ്രവർത്തകർ, നഗരസഭാ കൗൺസിലർമാർ, മുൻസിപ്പൽ ചെയർപേഴ്സൻ, വൈസ് ചെയർപേഴ്സൻ, മുൻ ചെയർപേഴ്സൻമാർ തുടങ്ങി വിവിധ മേഖലകളിലെ പ്രമുഖർ സംഗമത്തിൽ പങ്കെടുത്തു.
പരിശുദ്ധ ദൈവമാതാവിന്റെ പിറന്നാൾ കേക്ക് മുറിച്ചും പങ്കെടുത്ത പൗരപ്രമുഖർക്ക് മാതാവിന്റെ നേർച്ചപ്പായസം വിതരണം ചെയ്തും സംഗമം ശ്രദ്ധേയമായി. തിരുനാൾ വൈസ് ചെയർമാൻ ഷിന്റ ടാജു നന്ദി പറഞ്ഞു.
തിരുനാളിന്റെ ഭാഗമായി നേർച്ചസദ്യ ഒരുക്കുന്നതിനാവശ്യമായ പച്ചക്കറി, പലചരക്ക് സാധനങ്ങൾ കുടുംബ യൂണിറ്റുകളിൽനിന്ന് ഭാരവാഹികളുടെ നേതൃത്വത്തിൽ ശേഖരിച്ച് കലവറ നിറയ്ക്കൽ ചടങ്ങും സംഘടിപ്പിച്ചു. കൂടാതെ വിശുദ്ധ കുർബാനയ്ക്കിടെ വ്യാപാരി-വ്യവസായി സമൂഹത്തിന്റെ നേതൃത്വത്തിൽ കാഴ്ച സമർപ്പണവും നടന്നു.
ആത്മീയാഘോഷത്തോടൊപ്പം കാരുണ്യത്തിന്റെയും സഹോദര്യത്തിന്റെയും സന്ദേശം ഉയർത്തിപ്പിടിച്ചാണ് ഇത്തവണത്തെ പരിശുദ്ധ ദൈവമാതാവിന്റെ പിറവി തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കമായിരിക്കുന്നത്.
ചാലക്കുടിയിൽ പിറവി തിരുന്നാളിനോട് അനുബന്ധിച്ചു പൗരസംഗമം നടത്തി





