ചാലക്കുടി: ഒരുകാലത്ത് നാടിന്റെ ജീവനാഡിയായി ഒഴുകിയ പുഴയുടെ സൗന്ദര്യവും സമ്പത്തും ഓർമ്മിപ്പിക്കുകയും നദീസംരക്ഷണത്തിന്റെ ആവശ്യകത ഉയർത്തിക്കാട്ടുകയും ചെയ്ത് ചാലക്കുടി കലാഭവൻ മണി പാർക്ക് പാട്ടുപുരയിൽ നദീദിനാചരണം. ‘പാട്ടിന്റെ പുഴയോളങ്ങൾ’ എന്ന പേരിൽ സംഘടിപ്പിച്ച സംഗീതപരിപാടിയിൽ പുഴയെയും പ്രകൃതിയെയും ജീവിതത്തെയും ചേർത്തുപിടിച്ച ഗാനങ്ങൾ ആസ്വാദകരുടെ മനസ്സിൽ പുഴയുടെ ഓർമ്മകൾ ഉണർത്തി.
ചാലക്കുടി മുനിസിപ്പാലിറ്റി പാട്ടുപുര ടീം, ചാലക്കുടി റിവർ പ്രൊട്ടക്ഷൻ ഫോറം, ജല ജാഗ്രത സമിതി എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ഓൾ ഇന്ത്യ റിവേഴ്സ് ഫോറത്തിന്റെ നേതൃത്വത്തിൽ ദേശീയതലത്തിൽ നടക്കുന്ന റിവർ ഹുഡ് ആക്ഷൻ വീക്കിന്റെ ഭാഗമായാണ് പുഴകളെ പ്രമേയമാക്കിയ ഗാനങ്ങൾ കോർത്തിണക്കി ‘പാട്ടിന്റെ പുഴയോളങ്ങൾ’ ഒരുക്കിയത്.
മനുഷ്യന്റെ ജീവിതത്തോടും സംസ്കാരത്തോടും അഭേദ്യമായി ചേർന്നുനിൽക്കുന്ന പുഴകൾ ഇന്ന് നേരിടുന്ന മലിനീകരണവും കൈയേറ്റവും മാലിന്യനിക്ഷേപവും നീരൊഴുക്ക് തടസ്സപ്പെടുന്നതുമെല്ലാം പുഴയുടെ സ്വാഭാവികതയ്ക്ക് വലിയ ഭീഷണിയാണ്. ജൈവവൈവിധ്യത്തിന്റെയും കുടിവെള്ളത്തിന്റെയും കാർഷിക ജീവിതത്തിന്റെയും പ്രധാന ആശ്രയമായ പുഴയുടെ സംരക്ഷണം വരുംതലമുറയുടെ നിലനിൽപ്പിനും അനിവാര്യമാണ്.
മഴക്കാലത്ത് നിറഞ്ഞൊഴുകുന്ന പുഴയും തീരങ്ങളിലെ പച്ചപ്പും ജലജീവികളും പക്ഷികളും ഉൾപ്പെടുന്ന സമ്പന്നമായ ആവാസവ്യവസ്ഥയും ചാലക്കുടിയുടെ പ്രകൃതിസമ്പത്തിന്റെ പ്രധാന ഭാഗമാണ്. എന്നാൽ പുഴയുടെ സ്വാഭാവിക ഒഴുക്കിനും ജലഗുണത്തിനും സംഭവിക്കുന്ന മാറ്റങ്ങൾ ഈ പ്രകൃതിസമ്പത്തിനും ഭീഷണിയാകുകയാണ്. പുഴയെ വെറും ജലസ്രോതസ്സായി കാണാതെ ജീവന്റെ ഭാഗമായും സംരക്ഷിക്കേണ്ട പൊതുസമ്പത്തായും കാണണമെന്ന സന്ദേശമാണ് നദീദിനാചരണം മുന്നോട്ടുവച്ചത്.
മുനിസിപ്പൽ വൈസ് ചെയർപേഴ്സൻ കെ. വി. പോൾ ഉദ്ഘാടനം ചെയ്തു. ചെയർപേഴ്സൺ ആലീസ് ഷിബു മുഖ്യാതിഥിയായി. കൗൺസിലർമാരായ ഷിബു വാലപ്പൻ, കെ. ബി. ഉണ്ണികൃഷ്ണൻ, സാമൂഹ്യപ്രവർത്തകരായ എസ്. പി. രവി, കെ. എ. ഡാമി, സുരേഷ് മുട്ടത്തി, കെ. മുരാരി തുടങ്ങിയവർ പ്രസംഗിച്ചു.
ഗായകരായ പോൾ മാളക്കാരൻ, ഉല്ലാസ് മേലൂർ, കെ. എ. ഉണ്ണികൃഷ്ണൻ, മഹേശ്വരി ഉല്ലാസ്, ഇന്ദിര വാര്യർ, അയ്യപ്പൻ ഐ.ടി.ഐ. എന്നിവരുടെ നേതൃത്വത്തിൽ പുഴകളുമായി ബന്ധപ്പെട്ട ഗാനങ്ങൾ ആലപിച്ചു. പാട്ടിന്റെ ഈണത്തിൽ പുഴയുടെ ഓർമ്മകളും അതിജീവനത്തിനായുള്ള സന്ദേശവും പകർന്ന പരിപാടി നദീസംരക്ഷണത്തിന് പുതിയൊരു ജാഗ്രതാ സന്ദേശമായി.
ന്യൂസ്ഡെസ്‌ക് കേരളടൈംസ്





