ആലപ്പുഴ: കേരള റീജിയണൽ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ (കെആർഎൽസിസി) രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച സിൽവർ ജൂബിലി കോൺഫ്രൻസ് ആലപ്പുഴയിൽ നടന്നു. കേരളത്തിലെ 12 ലത്തീൻ കത്തോലിക്കാ രൂപതകളിൽ നിന്നുള്ള പ്രതിനിധികൾ കോൺഫ്രൻസിൽ പങ്കെടുത്തു.
പഞ്ചാബ് ചീഫ് സെക്രട്ടറിയുടെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി നിർമ്മൽ ഔസേപ്പച്ചൻ ഐ.എ.എസ്.കോൺഗ്രസ് ഉദ്ഘാടനം ചെയ്തു. കെ.ആർ.എൽ.സി.സി. വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ് അധ്യക്ഷത വഹിച്ചു. പുനലൂർ രൂപതാധ്യക്ഷൻ ഡോ. സെൽവിസ്റ്റർ പൊന്നുമുത്തൻ അനുഗ്രഹപ്രഭാഷണം നടത്തി.
സഭയുടെ ദൗത്യവും സാമൂഹിക ഉത്തരവാദിത്വവും കൂടുതൽ ശക്തമായി ഏറ്റെടുക്കേണ്ടതിന്റെ ആവശ്യകത ഉദ്ഘാടന പ്രസംഗത്തിൽ നിർമ്മൽ ഔസേപ്പച്ചൻ ചൂണ്ടിക്കാട്ടി. സമൂഹത്തിന്റെ പ്രത്യേകതകളും താൽപര്യങ്ങളും മനസ്സിലാക്കാതെ പദ്ധതികൾ ആവിഷ്കരിച്ചാൽ അവ പരാജയപ്പെടാൻ സാധ്യതയുണ്ടെന്നും അദ്ദേഹം ഓർമിപ്പിച്ചു. വിമർശനങ്ങളെ സമചിത്തതയോടെ സ്വീകരിക്കാനും കാലത്തിനനുസരിച്ചുള്ള മാറ്റങ്ങൾ ഉൾക്കൊണ്ട് പ്രവർത്തിക്കാനും നേതൃത്വം തയ്യാറാകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ആലപ്പുഴ രൂപത വികാരി ജനറൽ മോൺ. ജോയ് പുത്തൻവീട്ടിൽ, എ. ഡി. തോമസ് എം.എൽ.എ., കെഎൽസിഎ സംസ്ഥാന പ്രസിഡന്റ് ഷെറി ജെ. തോമസ്, ഷിബു ജോസഫ്, ബെന്നി പാപ്പച്ചൻ, സെക്രട്ടറി ഫാ. തോമസ് തറയിൽ, ജനറൽ സെക്രട്ടറി റവ. ഡോ. ജിജു ജോർജ് അറക്കത്തറ, ട്രഷറർ ബിജു ജോസി, പാട്രിക് മൈക്കിൾ, ഫാ. ജോൺസൺ പുത്തൻവീട്ടിൽ കെ. എൽ. സി. ഡബ്ലിയു എ പ്രസിഡന്റ് റാണി പ്രദീപ് തുടങ്ങിയവർ പ്രസംഗിച്ചു.
‘അൽമായരുടെ ദൗത്യവും സാമൂഹിക ഉത്തരവാദിത്വവും’ എന്ന വിഷയത്തിൽ വർക്കേഴ്സ് ഇന്ത്യ ഫെഡറേഷൻ മുൻ പ്രസിഡന്റ് ജോയ് ഗോതുരുത്ത് ക്ലാസെടുത്തു.
സഭയുടെയും സമൂഹത്തിന്റെയും സമകാലിക വെല്ലുവിളികൾ, അല്മായരുടെ ഉത്തരവാദിത്വം, യുവജനപങ്കാളിത്തം, കുടുംബജീവിതം, സാമൂഹികനീതി, തീരദേശ സമൂഹത്തിന്റെ പ്രശ്നങ്ങൾ തുടങ്ങിയ വിഷയങ്ങളെ ആസ്പദമാക്കി പാനൽ ചർച്ചയും നടന്നു. കിഫ്ബി അഡിഷണൽ സിഇഒ മിനി ആന്റണി, എ. ഡി. തോമസ് എം.എൽ.എ., അല്മായ കമ്മീഷൻ സെക്രട്ടറി ഫാ. ബെന്നി പൂത്തറയിൽ, കെസിവൈഎം മുൻ സംസ്ഥാന പ്രസിഡന്റ് സോണി പാവേലിൽ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
കെഎൽസിഎ, കെഡബ്ല്യുഎ, കെസിവൈഎം, ഡിസിഎംഎസ്, സിഎസ്എസ്, സിഎൽസി തുടങ്ങിയ വിവിധ സംഘടനകളിൽ നിന്നുള്ള തെരഞ്ഞെടുത്ത പ്രതിനിധികളാണ് കോൺക്ലവിൽ പങ്കാളികളായത്.
സമാപന സമ്മേളനം ആലപ്പുഴ രൂപത മെത്രാൻ ഡോ. ജെയിംസ് ആനാപറമ്പിൽ ഉദ്ഘാടനം ചെയ്തു. വിജയപുരം സഹായമെത്രാൻ ഡോ. ജസ്റ്റിൻ അലക്സാണ്ടർ മഠത്തിപറമ്പിൽ സമാപന സന്ദേശം നൽകി.
സാമുദായിക ശാക്തീകരണത്തിനായി സംഘടിപ്പിച്ച കോൺഗ്രസിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ പ്രതിനിധികൾ സന്തോഷം പ്രകടിപ്പിച്ചു. കെആർഎൽസിസിയുടെ രജതജൂബിലി ആഘോഷങ്ങൾക്ക് ആതിഥേയത്വം നൽകിയ ആലപ്പുഴ രൂപതയ്ക്കും അവർ അഭിനന്ദനം അറിയിച്ചു.
സമുദായ സംഘടനകൾ കൂടുതൽ ഏകീകൃത സ്വഭാവത്തോടെ പ്രവർത്തിക്കണമെന്നും, എല്ലാവരെയും ഉൾക്കൊള്ളുകയും പരിഗണിക്കുകയും ചെയ്യുന്ന നേതൃത്വവും പ്രവർത്തനശൈലിയും വളർത്തിയെടുക്കണമെന്നും പ്രതിനിധികൾ അഭിപ്രായപ്പെട്ടു. സാമൂഹികവും സാമുദായികവുമായ നീതിക്കായി ശക്തമായ നേതൃത്വം ഉയർന്നുവരണമെന്നും വിശ്വാസസമൂഹത്തോടൊപ്പം നിലകൊള്ളുന്ന വൈദിക സമൂഹം പുതിയ കാലത്തിന്റെ മാറ്റങ്ങളെ ഉൾക്കൊണ്ട് മുന്നോട്ട് പോകണമെന്നും അവർ ആശംസിച്ചു.
ന്യൂസ്ഡെസ്ക് കേരളടൈംസ്




