
തൃശൂർ : കേരളത്തിന്റെ മണ്ണിൽ നിന്ന്, ബുദ്ധിയുടെ ആഗോള ചെസ്സ് ബോർഡിലേക്ക് വീണ്ടുമൊരു വിജയക്കൊടി! ലോകത്തിന് മുന്നിൽ മലയാളി വീണ്ടും വിസ്മയമാകുന്നു. ചെസ്സ് ഡോട്ട് കോം സംഘടിപ്പിച്ച 2026-ലെ ലോക ബുള്ളറ്റ് ചെസ് കിരീടം ഇനി നമ്മുടെ സ്വന്തം തൃശൂർക്കാരൻ നിഹാൽ സരിന്!
കണ്ണുചിമ്മി തുറക്കുന്ന വേഗതയിൽ കരുക്കൾ നീക്കുന്ന ബുള്ളറ്റ് ചെസ്സിൽ, ലോകത്തിലെ ഏറ്റവും മികച്ച ഗ്രാൻഡ്മാസ്റ്റർമാരെ ഒന്നൊന്നായി വെട്ടിയൊതുക്കിയായിരുന്നു നിഹാലിന്റെ ഈ പടയോട്ടം. അലക്സാണ്ടർ ബോർട്നിക്, പർഹം മഗ്‌സദുലു, ആൻഡ്രൂ ടാങ്ങ്… ഒടുവിൽ ഇന്ത്യയുടെ തന്നെ കരുത്തനായ അർജുൻ എരിഗൈസി വരെ നിഹാലിന്റെ ബുദ്ധിക്കൂർമയ്ക്ക് മുന്നിൽ അടിയറവ് പറഞ്ഞു.
പക്ഷേ, യഥാർത്ഥ ക്ലൈമാക്സ് ബാക്കിയുണ്ടായിരുന്നു. ഫൈനലിൽ കാത്തിരുന്നത് കനത്ത വെല്ലുവിളി. മൂന്ന് തവണ ബുള്ളറ്റ് ചെസ്സ് ലോക ചാമ്പ്യനും നിലവിലെ ടൈറ്റിൽ ഹോൾഡറുമായ ഫ്രാൻസിന്റെ ഇതിഹാസ താരം അലിറേസ ഫിറൂസ്ജ! എന്നാൽ മലയാളിക്ക് മുന്നിൽ എന്ത് ഫ്രാൻസ്, എന്ത് ഫിറൂസ്ജ!
തുടർച്ചയായ രണ്ട് ഗ്രാൻഡ് ഫൈനലുകളിലും ഫിറൂസ്ജയെ നിലംപരിശാക്കിക്കൊണ്ടാണ് നിഹാൽ സരിൻ ഈ ചരിത്ര വിജയം നെഞ്ചോട് ചേർത്തത്. ഇതിനിടയിൽ തുടർച്ചയായി 15 കളികൾ ജയിച്ച് മറ്റൊരു അപൂർവ റെക്കോർഡും ഈ ഇരുപത്തൊന്നുകാരൻ സ്വന്തം പേരിൽ കുറിച്ചു. ഓൺലൈൻ ബുള്ളറ്റ് ചെസ്സിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മാസ്മരികമായ വിജയമെന്നാണ് ലോക ചെസ്സ് വിദഗ്ധർ ഈ പ്രകടനത്തെ ഇപ്പോൾ വിശേഷിപ്പിക്കുന്നത്.
നിഹാലിന്റെ വിജയവഴി:
ലോക അണ്ടർ 10 ചാമ്പ്യൻ
ലോക അണ്ടർ 18 ചാമ്പ്യൻ
ലോക സീനിയർ ചെസ്സ് ഒളിമ്പ്യാഡ് മെഡലിസ്റ്റ്
2026 ലോക ബുള്ളറ്റ് ചെസ്സ് ചാമ്പ്യൻ!
പണ്ട് അണ്ടർ 10-ലും അണ്ടർ 18-ലും കിരീടം ചൂടിയപ്പോൾ നമ്മൾ കണ്ട ആ കൊച്ചു പയ്യനല്ല ഇന്ന് നിഹാൽ. ലോകത്തിന്റെ നെറുകയിൽ ഇന്ത്യയുടെ, പ്രത്യേകിച്ച് കേരളത്തിന്റെ പെരുമ ഉയർത്തിപ്പിടിച്ച വൻമരമാണ്. ബുദ്ധിയുടെ ഈ രാജകുമാരന് കേരളടൈംസിന്റെ ബിഗ് സല്യൂട്ട്!


