വടക്കാഞ്ചേരി: കാറിൽ വേട്ടയാടിയ കാട്ടുപന്നിയെ കടത്താൻ ശ്രമിച്ച രണ്ടുപേർ വടക്കാഞ്ചേരി പോലീസിന്റെ പിടിയിലായി. മുപ്ലിയം സ്വദേശികളായ വായിക്കപ്പറമ്പിൽ ഹരിദാസ് (63), മണിയറക്കൻ സന്തോഷ് (50) എന്നിവരെയാണ് വാഹനം തടഞ്ഞുനിർത്തി പോലീസ് അറസ്റ്റ് ചെയ്തത്.
ഉത്രാളിക്കാവ് ക്ഷേത്രത്തിന് സമീപം വടക്കാഞ്ചേരി പോലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് പ്രതികൾ വലയിലായത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ തടഞ്ഞുനിർത്തിയ KL-36-B-0825 നമ്പർ വാഗണർ കാറിൽ നിന്ന് കൊല്ലപ്പെട്ട നിലയിൽ കാട്ടുപന്നിയെ കണ്ടെത്തുകയായിരുന്നു.
മച്ചാട് റേഞ്ചിലെ വാഴാനി ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ നിന്നാണ് പ്രതികൾ പന്നിയെ വേട്ടയാടി കടത്താൻ ശ്രമിച്ചതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. തുടരന്വേഷണത്തിനും നിയമനടപടികൾക്കുമായി കസ്റ്റഡിയിലെടുത്ത പ്രതികളെയും കാട്ടുപന്നിയെയും വാഹനം ഉൾപ്പെടെ വനംവകുപ്പിന് കൈമാറി.
വടക്കാഞ്ചേരിയിൽ കാറിൽ കടത്തിയ കാട്ടുപന്നിയുമായി രണ്ടുപേർ പിടിയിൽ; പ്രതികളെ വനംവകുപ്പിന് കൈമാറി





