സഭാ സ്ഥാപനങ്ങളെ തകർക്കാൻ ശ്രമിക്കുന്ന വിധ്വംസക ശക്തികളെ ഒറ്റക്കെട്ടായി ചെറുക്കും: മാർ ജോസ് പുളിക്കൽ

​തൃശ്ശൂർ: നേഴ്സുമാരെ മുന്നിൽ നിർത്തി കത്തോലിക്കാ സഭയെയും സ്ഥാപനങ്ങളെയും തകർക്കാൻ ശ്രമിക്കുന്ന വിധ്വംസക ശക്തികളെ വിശ്വാസി സമൂഹം ഒറ്റക്കെട്ടായി ചെറുക്കുമെന്ന് കാഞ്ഞിരപ്പള്ളി രൂപത മെത്രാൻ മാർ ജോസ് പുളിക്കൽ. ആരോഗ്യ മേഖലയിലെ കച്ചവടക്കാർക്ക് കവചമൊരുക്കാൻ, രാജ്യത്തെ തന്നെ മികച്ച മെഡിക്കൽ കോളേജ് ആശുപത്രികളായ “ജൂബിലി”യിലും “അമല”യിലും പ്രശ്നങ്ങൾ സൃഷ്ടിക്കാനാണ് ചിലരുടെ ശ്രമം. തൃശ്ശൂർ അതിരൂപത ടൗൺഹാളിൽ സംഘടിപ്പിച്ച ‘പ്രതിരോധ സംഗമം’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

​ഭരണകൂടങ്ങൾ ആതുരശുശ്രൂഷാ രംഗത്തേക്ക് കടന്നുവന്നിട്ട് ഒരു നൂറ്റാണ്ട് മാത്രമേ ആകുന്നുള്ളൂ എന്ന് ചൂണ്ടിക്കാണിച്ച മാർ ജോസ് പുളിക്കൽ, ഒന്നാം നൂറ്റാണ്ട് മുതൽ ക്രൈസ്തവർ നല്ല സമരിയക്കാരായി ഈ രംഗത്തുണ്ടെന്നും ഓർമ്മിപ്പിച്ചു. തൃശ്ശൂർ അതിരൂപതയുടെ അഭിമാന സ്തംഭങ്ങളായ ജൂബിലി, അമല ആശുപത്രികളെ അസ്വസ്ഥപ്പെടുത്താൻ കേരള കത്തോലിക്കാ സഭ അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സമ്മേളനത്തിൽ അധ്യക്ഷത വഹിച്ച തൃശ്ശൂർ അതിരൂപത സഹായ മെത്രാൻ മാർ ടോണി നീലങ്കാവിൽ,
​സമരത്തിന് പിന്നിൽ അദൃശ്യ ശക്തികളുടെ തിരക്കഥയുണ്ടെന്ന് ഓർമിപ്പിച്ചു.
​സമരം ചെയ്യുന്ന നേഴ്സുമാരോട് ആരംഭം മുതൽ കാരുണ്യത്തോടെയുള്ള സമീപനമാണ് ആശുപത്രി അധികൃതർ സ്വീകരിച്ചിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു.
​”ആശുപത്രികൾക്ക് ചുറ്റും ഇപ്പോൾ നടക്കുന്ന നാടകത്തിന്റെ തിരക്കഥ മറ്റെവിടെയോ ആണ് രചിക്കപ്പെടുന്നത്. സകല ശക്തിയും ഉപയോഗിച്ച് തിന്മയുടെ ശക്തികളെ അതിരൂപത ചെറുക്കും. സഭയുടെ കാരുണ്യ പ്രവർത്തനങ്ങൾ നിർബാധം തുടരുക തന്നെ ചെയ്യും.”
മാർ ടോണി നീലങ്കാവിൽ കൂട്ടി ചേർത്തു.
​അതിരൂപത അധ്യക്ഷനോടും സഭയോടും അവഹേളനപരമായി പെരുമാറുന്നവർ, തങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന അന്ധകാര ശക്തികളെ തിരിച്ചറിഞ്ഞ് അവരിൽ നിന്ന് അകലം പാലിക്കണമെന്നും അദ്ദേഹം വിശ്വാസികളോട് ആഹ്വാനം ചെയ്തു.

​പ്രതിരോധ സംഗമത്തിൽ അതിരൂപതയിലെ വിവിധ ഇടവകകളിൽ നിന്നായി പതിനായിരത്തോളം വിശ്വാസികളാണ് തൃശ്ശൂർ ടൗൺഹാളിൽ അണിനിരന്നത്. ഇത് ഒരു ജനതയുടെ ആത്മാഭിമാനത്തിനേറ്റ മുറിവിന്റെ പ്രതിഫലനമാണെന്ന് കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പിൽ അഭിപ്രായപ്പെട്ടു.
​ ജൂബിലി ഡയറക്ടർ ഫാ. റെന്നി മുണ്ടൻകുരിയൻ, അമല ഡയറക്ടർ ഫാ. ജൂലിയസ് അറക്കൽ, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ജോഷി വടക്കൻ, സഭാതാരം പി.ഐ. ലാസർ മാസ്റ്റർ, സി.ആർ.ഐ സെക്രട്ടറി സിസ്റ്റർ ജോളി ചിറ്റിലപ്പിള്ളി, ഷെവ. അഡ്വ. ബിജു കുണ്ടുകുളം എന്നിവർ യോഗത്തിൽ പ്രസംഗിച്ചു.

​ മോൺ. ജെയ്സൺ കൂനംപ്ലാക്കൽ, മോൺ. ജോസ് കോനിക്കര, ഫാ. ഫ്രാൻസീസ് പള്ളിക്കുന്നത്ത്, ഫാ. ജോസ് നന്തിക്കര, ഷിന്റോ മാത്യു, ഡോ. ജോബി തോമസ് കാക്കശ്ശേരി, ഷെവ. പ്രൊഫ. കെ.എം. ഫ്രാൻസിസ്, ആന്റണി എ.എ, ജോർജ് ചിറമ്മൽ, പ്രൊഫ. ജോർജ് അലക്സ്, ജോജു മഞ്ഞില, ഉജ്ജ്വല ബിജു തുടങ്ങിയവർ പ്രതിരോധ സംഗമത്തിന് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *