1982 ലാണ് വൈദ്യുതി ബോർഡ് അതിരപ്പിള്ളി, പെരിങ്ങൽകുത്ത് വലതുകര എന്നീ രണ്ട് ജലവൈദ്യുത പദ്ധതികൾക്കുള്ള നിർദ്ദേശം തയ്യാറാക്കുന്നത്. പറമ്പിക്കുളം വന്യജീവി സങ്കേതത്തിനുൾപ്പെടെ ഉണ്ടാകാനിടയുള്ള വനനാശം കണക്കിലെടുത്ത് പെരിങ്ങൽകുത്ത് വലതുകര പദ്ധതിയെ വനം വകുപ്പ് ശക്തമായി എതിർത്തതിനെ തുടർന്ന് 1986 ൽ അതിരപ്പിള്ളി പദ്ധതിക്ക് മാത്രമായി പുതിയ നിർദ്ദേശം സമർപ്പിച്ചു.
അക്കാലം മുതൽ തന്നെ പദ്ധതിയോടുള്ള എതിർപ്പുകളും തുടങ്ങിയിരുന്നു. ചാലക്കുടിയിൽ അഡ്വക്കേറ്റ് ജോസഫ് അറങ്ങാശ്ശേരി ഉൾപ്പെടെയുള്ളവരും (CLC അന്ന് മുന്നിൽ ഉണ്ടായിരുന്നു) വെറ്റിലപ്പാറയിൽ ജയകുമാർ ചിക്ലായി ഉൾപ്പെടെയുള്ള ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രവർത്തകരും കോടാലിയിൽ ഗ്രീൻസ് കോടാലി എന്ന സംഘടനയും (പിന്നീട് ഫാസ് പാഡി) ആണ് ആദ്യം എതിർപ്പുയർത്തിയത്. 1987 അവസാനം വൈദ്യഭൂഷണം രാഘവൻ തിരുമുൽപ്പാട് പ്രസിഡണ്ടും ശ്രീ പി കെ കിട്ടൻ സെക്രട്ടറിയുമായി ചാലക്കുടിപ്പുഴ സംരക്ഷണ സമിതി രൂപീകരിച്ചു. തുടർന്ന് ഏറെക്കാലം സമരം സമിതിയുടെ മുൻകൈയിലായിരുന്നു.
1988 അവസാനം കേന്ദ്ര പരിസ്ഥിതി വനം വകുപ്പ് മന്ത്രാലയം കാടിന്റെ നാശവും വെള്ളച്ചാട്ടങ്ങൾ ഇല്ലാതാകും എന്നതും ചൂണ്ടിക്കാണിച്ച് പദ്ധതിക്ക് അനുമതി നിഷേധിച്ചു. തുടർന്ന് വൈദ്യുതി ബോർഡ് ആദ്യം അതിരപ്പിള്ളി വെള്ളച്ചാട്ടവും പിന്നീട് അതിരപ്പിള്ളി, വാഴച്ചാൽ ജലപാതങ്ങളും മഴക്കാലം ഒഴികെയുള്ള സമയങ്ങളിൽ പകൽ നിലനിർത്തുന്ന രീതിയിൽ പുതിയ പദ്ധതി നിർദ്ദേശങ്ങൾ തയ്യാറാക്കി. 1998 പദ്ധതിക്ക് ആദ്യമായി കേന്ദ്ര അനുമതി ലഭിച്ചു. 2001 ഒക്ടോബറിൽ ബഹുമാനപ്പെട്ട കേരള ഹൈക്കോടതി ഈ അനുമതി നിർത്തിവച്ചു. തുടർന്ന് 2002 ഫെബ്രുവരിയിൽ നടന്ന തെളിവെടുപ്പിൽ പദ്ധതിക്കെതിരെ അതിശക്തമായ എതിർപ്പാണ് ഉയർന്നത്. അതോടെ പദ്ധതി ഉപേക്ഷിക്കപ്പെടുമെന്ന് കരുതിയിരുന്നെങ്കിലും രഹസ്യമായി പുതിയൊരു പരിസ്ഥിതി ആഘാത പഠന റിപ്പോർട്ട് തട്ടിക്കൂട്ടി അതിനൊപ്പം 2002ലെ പബ്ലിക് ഹിയറിങ് റിപ്പോർട്ട് കൂടി വച്ച് 2005 ഫെബ്രുവരിയിൽ വീണ്ടും അനുമതി നേടി. അതോടെ വീണ്ടും പദ്ധതിക്കെതിരെ പ്രക്ഷോഭങ്ങൾ ആരംഭിച്ചു. ഇത്തവണ നിരവധി സംഘടനകൾ സമരത്തിന്റെ ഭാഗമാകാൻ മുന്നോട്ടുവന്നു.
2005 ആഗസ്റ്റ് 18ന് ചാലക്കുടി അവാർഡ് ഭവനിൽ ചേർന്ന യോഗത്തിൽ വിവിധ സംഘടനകളുടെ കൂട്ടായ്മയായി ചാലക്കുടിറിവർ പ്രൊട്ടക്ഷൻ ഫോറം രൂപീകരിച്ചു. തുടർന്ന് ഏറെക്കാലം ഫോറത്തിന്റെ നേതൃത്വത്തിൽ അതിശക്തമായ സമരപരിപാടികളാണ് നടന്നത്. 2006 ൽ ബഹുമാനപ്പെട്ട ഹൈക്കോടതി പദ്ധതിയുടെ അനുമതി വീണ്ടും റദ്ദാക്കി. 2007 ജൂലൈ മാസത്തിൽ വൈദ്യുതി ബോർഡിന് മൂന്നാമതും പാരിസ്ഥിതികാനുമതി ലഭിച്ചു. വീണ്ടും നിയമപോരാട്ടങ്ങളും 2008 ഫെബ്രുവരി മുതൽ 400 ദിവസത്തിലേറെ നീണ്ട ഐതിഹാസികമായ രണ്ടാം അതിരപ്പിള്ളി സത്യാഗ്രഹവും ഉൾപ്പെടെ പ്രക്ഷോഭങ്ങളുടെ നീണ്ട നിര തന്നെ ഉണ്ടായി. പദ്ധതിക്കുള്ള സാങ്കേതിക സാമ്പത്തിക അനുമതിയുടെ കാലാവധി 2008ലും പാരിസ്ഥിതിക അനുമതിയുടെ കാലാവധി 2012 ജൂലായ് മാസത്തിലും കാലഹരണപ്പെട്ടതിനെ തുടർന്ന് 2015 മെയ് മാസത്തിൽ ഹൈക്കോടതി ഈ വിഷയത്തിലെ മൂന്നാമത്തെ കേസ് തീർപ്പാക്കി. എന്നാൽ അക്കൊല്ലം ഒക്ടോബർ മാസത്തിൽ കേന്ദ്രസർക്കാർ പാരിസ്ഥിതിക അനുമതിയുടെ കാലാവധി 2012 മുതൽ മുൻകാല പ്രാബല്യത്തോടെ അഞ്ചുവർഷത്തേക്ക് കൂടി നീട്ടി കൊടുക്കുകയായിരുന്നു. ജനകീയ എതിർപ്പുകൾക്കും നിയമ പോരാട്ടങ്ങൾക്കും ഇടയിൽ പദ്ധതി നടപ്പാക്കാനുള്ള ശ്രമങ്ങൾ വീണ്ടും നടക്കാതെ പോയതോടെ 2017 ജൂലൈ മാസത്തിൽ എല്ലാ അനുമതികളുടെയും കാലാവധി അവസാനിച്ചു. തുടർന്ന് 2017 ആഗസ്റ്റ് 18ന് ചാലക്കുടി എസ് എച്ച് കോളേജിൽ ചേർന്ന് വിപുലമായ കൺവെൻഷൻ അതിരപ്പിള്ളി സമരം വിജയിച്ചതായി പ്രഖ്യാപിച്ചുകൊണ്ട് സമരം അവസാനിപ്പിച്ചു.
സമരത്തിനൊപ്പം നിന്ന് മുഴുവനാളുകൾക്കും അഭിവാദ്യം അർപ്പിക്കുന്നു 💐
ചാലക്കുടി റിവർ പ്രൊട്ടക്ഷൻ ഫോറം
- 2026





