​ഉമ്മൻ ചാണ്ടി സ്മൃതി ദിനാചരണം: വിപുലമായ ജനക്ഷേമ പദ്ധതികളുമായി ഫൗണ്ടേഷൻ; സ്പോർട്സ് കിറ്റുകളുടെ വിതരണവും ക്രിക്കറ്റ് ടൂർണമെന്റും സംഘടിപ്പിക്കും

​പുതുപ്പള്ളി: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ സ്മൃതി ദിനാചരണത്തോടനുബന്ധിച്ച് ഉമ്മൻ ചാണ്ടി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ വിപുലമായ ജനക്ഷേമ-കാരുണ്യ പദ്ധതികൾ നടപ്പിലാക്കുന്നു. ജനകീയ രാഷ്ട്രീയത്തിന്റെയും നിസ്വാർത്ഥ സേവനത്തിന്റെയും വികസന ദർശനത്തിന്റെയും പ്രതീകമായിരുന്ന ജനനായകന്റെ പാരമ്പര്യം പുതുതലമുറയ്ക്ക് പകർന്നുനൽകാനും പ്രതിജ്ഞ പുതുക്കാനുമുള്ള വേദിയായി സ്മൃതി ദിനാചരണം മാറുമെന്ന് ചാണ്ടി ഉമ്മൻ എം.എൽ.എ അറിയിച്ചു.
​കാരുണ്യഹസ്തവുമായി ഫൗണ്ടേഷൻ
​സ്മൃതി ദിനാചരണ ചടങ്ങിൽ വെച്ച് അർഹരായവർക്കുള്ള വിവിധ സഹായങ്ങളുടെ വിതരണം നടത്തും.

പ്രധാന പദ്ധതികൾ താഴെ പറയുന്നവയാണ്:

​ഭൂമി വിതരണം: സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന അഞ്ച് കുടുംബങ്ങൾക്ക് നാല് സെന്റ് വീതം ഭൂമി അനുവദിക്കുന്നതിനുള്ള രേഖകൾ ചടങ്ങിൽ കൈമാറും.

​വിദ്യാഭ്യാസ സ്കോളർഷിപ്പ്: പഠനരംഗത്ത് മികവ് പുലർത്തുന്ന 1,200 വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പുകൾ വിതരണം ചെയ്യും.

​സ്നേഹവിരുന്ന് : പുതുപ്പള്ളി നിയോജകമണ്ഡലത്തിലെ വിവിധ അനാഥാലയങ്ങളിൽ സ്മൃതി ദിനത്തോടനുബന്ധിച്ച് സ്നേഹവിരുന്ന് നൽകും.
​’ലഹരിക്കെതിരെ സ്പോർട്സ്’ സന്ദേശവുമായി കായിക പദ്ധതികൾ
​യുവതലമുറയെ ലഹരിയുടെ പിടിയിൽ നിന്ന് സംരക്ഷിക്കുകയെന്ന ശക്തമായ സാമൂഹിക സന്ദേശമുയർത്തി വിപുലമായ കായിക പദ്ധതികളാണ് മണ്ഡലത്തിൽ ആവിഷ്കരിച്ചിരിക്കുന്നത്.
​സ്കൂളുകൾക്ക് കായിക ഉപകരണങ്ങൾ: പുതുപ്പള്ളി നിയോജകമണ്ഡലത്തിലെ 114 സ്കൂളുകൾക്കായി സൈക്കിളുകൾ, ക്രിക്കറ്റ് കിറ്റുകൾ, ഫുട്ബോളുകൾ എന്നിവ വിതരണം ചെയ്യും.

​അഖില കേരള ക്രിക്കറ്റ് ടൂർണമെന്റ്
​‘സ്‌പോര്‍ട്‌സിലൂടെ ലഹരിയില്‍ നിന്ന് മോചനം’ എന്ന പ്രമേയത്തിൽ ഉമ്മൻ ചാണ്ടിയുടെ മൂന്നാം ചരമവാർഷികത്തോടനുബന്ധിച്ച് ജൂലൈ 17, 18, 19 തീയതികളിൽ അഖില കേരള ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിക്കും. കേരള ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ സച്ചിൻ ബേബി ടൂർണമെന്റ് ഉദ്ഘാടനം ചെയ്യും.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 34 ടീമുകൾ മാറ്റുരയ്ക്കും.
​വിജയികൾക്ക് ഒന്നാം സമ്മാനമായി 1,00,000 രൂപയും റണ്ണേഴ്സ് അപ്പിന് രണ്ടാം സമ്മാനമായി 50,000 രൂപയും ലഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *