കെട്ടിക്കിടക്കുന്ന അപേക്ഷകള്‍ പരിഗണിക്കാന്‍ ജൂലൈ അവസാനം മെഗാ അദാലത്ത് സംഘടിപ്പിക്കുന്നതായി പട്ടികജാതി പട്ടിക വര്‍ഗ പിന്നോക്ക ക്ഷേമ വകുപ്പുമന്ത്രി കെ.എ. തുളസി

ഇരിങ്ങാലക്കുട: വകുപ്പില്‍ കെട്ടിക്കിടക്കുന്ന അപേക്ഷകള്‍ പരിഗണിക്കാന്‍ ജൂലൈ അവസാനം മെഗാ അദാലത്ത് സംഘടിപ്പിക്കുന്നതായി പട്ടികജാതി പട്ടിക വര്‍ഗ പിന്നോക്ക ക്ഷേമ വകുപ്പുമന്ത്രി കെ.എ. തുളസി. മൂന്നു വര്‍ഷമായി മുടങ്ങിക്കിടക്കുന്ന വിദ്യാര്‍ഥികള്‍ക്കുള്ള ഇ ഗ്രാന്റുകള്‍ രണ്ടു മാസത്തിനുള്ളില്‍ കൊടുത്തു തീര്‍ക്കാനുള്ള കഠിന പരിശ്രമത്തിലാണ്. ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളജില്‍ തൃശൂര്‍ ചലച്ചിത്ര കേന്ദ്രം, ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ച ഋതു പരിസ്ഥിതി ചലച്ചിത്രമേളയുടെ ഭാഗമായി ഋതു മുറ്റം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. വിദേശപഠനം ലക്ഷ്യമിടുന്ന എസ്‌സി എസ്ടി വിദ്യാര്‍ഥികള്‍ക്ക് 25 ലക്ഷം രൂപയുടെ ഉന്നതി സ്‌കോളര്‍ഷിപ്പ് പദ്ധതിയും സിവില്‍ സര്‍വീസ് പരിശീലനത്തിനു പോകുന്ന കുട്ടികളുടെ ഫീസ് മുഴുവനായി നല്‍കുന്ന പദ്ധതിയും നിലവിലുണ്ട്. സമഗ്ര 2026 പദ്ധതിയുടെ ഭാഗമായി 100 കോടി രൂപയുടെ പലിശ രഹിത വിദ്യാഭ്യാസ വായ്പയാണ് വിതരണം ചെയ്യുന്നത്. മതേതര സ്വഭാവം കാത്തുസൂക്ഷിക്കുന്ന ക്യാംപസാണ് സെന്റ് ജോസഫ്‌സ് കോളജെന്ന് തന്റെ രണ്ടു വര്‍ഷത്തെ പ്രീഡിഗ്രി വിദ്യാഭ്യാസക്കാലത്തെ ഓര്‍മ്മകള്‍ പങ്കുവച്ചുകൊണ്ട് മന്ത്രി പറഞ്ഞു. ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ബ്ലെസി അധ്യക്ഷത വഹിച്ചു. ചരിത്ര വിഭാഗം മേധാവി ഡോ. ജോസ് കുര്യാക്കോസ്, മുന്‍ വകുപ്പ് മേധാവി സിസ്റ്റര്‍ രശ്മി, സ്റ്റുഡന്റ് കോ ഓര്‍ഡിനേറ്റര്‍ അരുണിമ തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *