തൃശൂർ /കുറുമാൽ: സമൂഹത്തിലെ ഗുരുതര രോഗബാധിതരായ പാവപ്പെട്ട വൃക്കരോഗികൾക്ക് ആശ്വാസമേകി കിഡ്‌നി ഫെഡറേഷൻ ഓഫ് ഇന്ത്യ തങ്ങളുടെ കാരുണ്യയാത്ര തുടരുന്നു. ഫാ. ഡേവിസ് ചിറമേലിന്റെ കിഡ്‌നി ദാനത്തിലൂടെ തുടക്കമിട്ട പ്രസ്ഥാനത്തിന്റെ കുറുമാലിലെ ഡയാലിസിസ് യൂണിറ്റിൽ സജ്ജമാക്കിയ പുതിയ പദ്ധതികളുടെ ഉദ്ഘാടനം 2026 ഓഗസ്റ്റ് 8 ശനിയാഴ്ച രാവിലെ 10:30-ന് സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരൻ നിർവഹിക്കും.
ഫെഡറൽ ബാങ്ക് ഹോർമിസ് മെമ്മോറിയൽ ഫൗണ്ടേഷന്റെ സി.എസ്.ആർ. സഹായത്തോടെ ഡയാലിസിസ് യൂണിറ്റിന്റെ ഒന്നാം നിലയിലാണ് 10 മെഷീനുകളോട് കൂടിയ രണ്ടാമത്തെ സൗജന്യ ഡയാലിസിസ് യൂണിറ്റ് പ്രവർത്തനം ആരംഭിക്കുന്നത്. ഇതിനുപുറമേ ഫിസിയോ ടുഡേ യു.കെ.യുടെ സഹകരണത്തോടെയുള്ള സൗജന്യ ഫിസിയോതെറാപ്പി യൂണിറ്റ്, മണപ്പുറം ഫൗണ്ടേഷൻ പൂർത്തിയാക്കിയ ഓപ്പൺ ജിം, വിശാലമായ കിഡ്‌നി ഗ്രീൻ പാർക്ക് എന്നിവയുടെ ഉദ്ഘാടനവും നടക്കും.
കുന്നംകുളം എം.എൽ.എ എ.സി. മൊയ്തീൻ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ കിഡ്‌നി ഫെഡറേഷൻ ഓഫ് ഇന്ത്യ ചെയർമാൻ ഫാദർ ഡേവിസ് ചിറമേൽ മുഖ്യാതിഥിയാകും. വേലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന രാമചന്ദ്രൻ, കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രമീള സുബ്രഹ്മണ്യൻ, അമല ഹോസ്പിറ്റൽ ഡയറക്ടർ ഫാ. ജൂലിയാസ് അറക്കൽ, സാൻ ദാമിയാനോ കപ്പൂച്ചിൻ ആശ്രമം സുപ്പീരിയർ ഫാ. ജോൺ പടിഞ്ഞാക്കര, വേലൂർ ഫൊറോന വികാരി ഫാ. ജെയ്സൺ തെക്കുംപുറം, കുറുമാൽ ഇടവക വികാരി ഫാ. ഡോ. സേവ്യർ ക്രിസ്റ്റി, ജീ മോഹനചന്ദ്രൻ, ബി.എം. ജെയിംസ്, സാൻജോ നമ്പാടൻ, പ്രിൻസ് തോമസ് തുടങ്ങിയ സാമൂഹിക-രാഷ്ട്രീയ മേഖലകളിലെ പ്രമുഖർ പങ്കെടുത്തു സംസാരിക്കും.




