കോട്ടയം: മഹാത്മാ ഗാന്ധി സർവകലാശാലയിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര സെമിനാറിൽ കാണക്കാരി സിഎസ്ഐ ലോ കോളേജ് വിദ്യാർത്ഥി ഡോ. ജോസഫ് പി. വർഗീസ് അവതരിപ്പിച്ച പരിസ്ഥിതി സംരക്ഷണ പ്രബന്ധം ശ്രദ്ധ നേടി. “സംഘർഷങ്ങളുടെ യുഗത്തിലെ സുസ്ഥിര ഭാവി: പരിസ്ഥിതി നിയമം, ഭരണനിർവഹണം, പുനരുപയോഗ ഊർജ സാങ്കേതികവിദ്യകൾ എന്നിവയുടെ സംയോജനം” എന്ന വിഷയത്തിലായിരുന്നു പ്രബന്ധാവതരണം.
ഭൂ-രാഷ്ട്രീയ, കാലാവസ്ഥാ, ഊർജ, വിഭവ പ്രതിസന്ധികൾ മൂലം ആധുനിക ലോകം നേരിടുന്ന വിവിധ തലമുറ സംഘർഷങ്ങൾ സുസ്ഥിര വികസനത്തിന് വലിയ വെല്ലുവിളിയാണെന്ന് ഡോ. ജോസഫ് ചൂണ്ടിക്കാട്ടി. പരിസ്ഥിതി നിയമം, കാര്യക്ഷമമായ ഭരണനിർവഹണം, സാങ്കേതിക നവീകരണം, ജനപങ്കാളിത്തം എന്നിവയുടെ സംയോജിത സമീപനമാണ് സുസ്ഥിര ഭാവിയുടെ അടിത്തറ.
ഇന്ത്യൻ ഭരണഘടനയിലെ അനുച്ഛേദങ്ങളായ 14, 21, 48A, 51A(g) എന്നിവയും സുപ്രധാന പരിസ്ഥിതി വിധിന്യായങ്ങളും പരിസ്ഥിതി സംരക്ഷണത്തിന് ശക്തമായ നിയമപരമായ അടിത്തറ നൽകുന്നുണ്ട്. സ്റ്റോക്ക്ഹോം സമ്മേളനം, റിയോ ഉച്ചകോടി, പാരീസ് കരാർ എന്നിവയിലെ ഇന്ത്യയുടെ പ്രതിബദ്ധതയും സുസ്ഥിര വികസന ലക്ഷ്യങ്ങളും പ്രബന്ധത്തിൽ വിശദീകരിച്ചു. വീടുകളിൽ ക്രോസ് വെന്റിലേഷനും കൊതുകുവല ഘടിപ്പിച്ച ജനലുകളും നൽകുന്ന രൂപകൽപ്പന വഴി എയർ കണ്ടീഷണറുകളുടെ ഉപയോഗം കുറച്ച് ഊർജ സംരക്ഷണം സാധ്യമാക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.
എംജി സർവകലാശാല SGTDS അസിസ്റ്റന്റ് പ്രൊഫസർ ഡോ. മഞ്ജുഷ കെ. എ. സമ്മേളനത്തിന് നേതൃത്വം നൽകുകയും പ്രതിനിധികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുകയും ചെയ്തു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഗവേഷകരും അധ്യാപകരും വിദ്യാർത്ഥികളും സെമിനാറിൽ പങ്കെടുത്തു.
എംജി സർവകലാശാല അന്താരാഷ്ട്ര സെമിനാർ: പരിസ്ഥിതി സംരക്ഷണ പ്രബന്ധം ശ്രദ്ധേയമായി




