കെ.പി. ലോറൻസ് രാഷ്ട്രീയപ്രവർത്തകർക്ക് എക്കാലത്തെയും ഉദാത്ത മാതൃക: വി.എം. സുധീരൻ

​പാലക്കാട്: രാഷ്ട്രീയപ്രവർത്തകർക്ക് എക്കാലത്തെയും ഉദാത്ത മാതൃകയാണ് കെ.പി. ലോറൻസെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് വി.എം. സുധീരൻ. പാലക്കാട് ചിറ്റിലംചേരിയിൽ സംഘടിപ്പിച്ച കെ.പി. ലോറൻസ് അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.​വിദ്യാർത്ഥി കോൺഗ്രസിന്റെ സ്ഥാപക നേതാക്കളിൽ ഒരാളായ ലോറൻസ്, സംശുദ്ധ രാഷ്ട്രീയത്തിന്റെ പ്രതീകമായിരുന്നുവെന്ന് സുധീരൻ അനുസ്മരിച്ചു. സ്ഥാനമാനങ്ങൾ ആഗ്രഹിക്കാതെ സ്വന്തം വിശ്വാസപ്രമാണങ്ങളിൽ ഉറച്ചുനിന്ന് ജനങ്ങൾക്ക് വേണ്ടി അർപ്പണബോധത്തോടെ പ്രവർത്തിച്ച നേതാവായിരുന്നു അദ്ദേഹം.​വിദ്യാർത്ഥി കോൺഗ്രസിനെ കെ.എസ്.യുവിൽ ലയിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് എ.കെ. ആന്റണി, ഉമ്മൻ ചാണ്ടി എന്നിവർക്കൊപ്പം പാലക്കാട്ടെത്തി അന്നത്തെ ഡി.സി.സി പ്രസിഡന്റ് പി. ബാലന്റെ സാന്നിധ്യത്തിൽ ലോറൻസുമായി ചർച്ച നടത്തിയ കാര്യവും, താനും ഉമ്മൻ ചാണ്ടിയും ലോറൻസും ചേർന്ന് കുനിശ്ശേരിയിൽ സിനിമ കാണാൻ പോയ അനുഭവവും സുധീരൻ പങ്കുവെച്ചു. എ.കെ. ആന്റണി, ഉമ്മൻ ചാണ്ടി, വയലാർ രവി, കെ. ശങ്കരനാരായണൻ, കെ. സുധാകരൻ തുടങ്ങി പ്രമുഖ നേതാക്കളുമായി അടുത്ത ബന്ധം പുലർത്തിയ സംസ്ഥാനതല നേതാവായിരുന്നു അദ്ദേഹമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.​കെ.പി. ലോറൻസ് ഫൗണ്ടേഷൻ പ്രസിഡന്റ് എ. ഗോപിനാഥൻ അധ്യക്ഷത വഹിച്ച യോഗത്തിൽ മുൻ മന്ത്രിമാരായ കെ. ഇ. ഇസ്മയിൽ, വി.സി. കബീർ, മുൻ എം.എൽ.എ. മാരായ കെ. ചന്ദ്രൻ, കെ.ഡി. പ്രസേനൻ എന്നിവരും കെ.വി. കണ്ണൻ, കെ.എൽ. വിൻസെന്റ് പ്രതാപ്, സരസ്വതി രാമചന്ദ്രൻ, കെ. എൽ ഫ്രാൻസിസ് എന്നിവരും അനുസ്മരണ പ്രഭാഷണം നടത്തി.​ എം.എൻ.കെ.എം. ഹയർ സെക്കൻഡറി സ്കൂൾ മാനേജർ എം.എൻ. ബാലസുബ്രഹ്മണ്യൻ, സി.ആർ. ഭവദാസ് എന്നിവർ ധനസഹായ വിതരണം നിർവ്വഹിച്ചു. കെ. വേലായുധൻ അയിലൂർ, ഡോ. ഓ. കെ. മണി, വി. ചാത്തുകുട്ടി, പൊന്നമ്മ, അഡ്വ. നൈസ് മാത്യു, യു.എ. ബെന്നി, വി.കെ. ഭാമ, നിരഞ്ജന എസ്. കുമാർ എന്നിവരെ ചടങ്ങിൽ ആദരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *