ചാലക്കുടി: ചാലക്കുടി നഗരസഭയുടെ നേതൃത്വത്തിൽ പൗരാവലിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ‘ഓണം ഫെസ്റ്റ് 2026 – ചാലക്കുടിയുടെ നൻമോണം’ ആഗസ്റ്റ് 26 മുതൽ 30 വരെ കലാഭവൻ മണി പാർക്കിൽ നടക്കും.അഞ്ചുദിവസങ്ങളിലായി നടക്കുന്ന ഓണം ഫെസ്റ്റിൽ എല്ലാ ദിവസവും വൈകീട്ട് ആറുമുതൽ വിവിധ കലാ-സാംസ്കാരിക പരിപാടികൾ അരങ്ങേറും. ചാലക്കുടിയിലെ കലാകാരന്മാർ അണിനിരക്കുന്ന മെഗാഷോ ‘മിന്നാട്ടം’, ഫോക്ക് ബാൻഡ്, നാടൻപാട്ട്, അഖില കേരള കൈക്കൊട്ടിക്കളി മത്സരം, കലാസന്ധ്യ, സിനിമാറ്റിക് ഡാൻസ്, മ്യൂസിക് ബാൻഡ് തുടങ്ങി വൈവിധ്യമാർന്ന പരിപാടികളാണ് ഒരുക്കിയിട്ടുള്ളത്.പ്രൊഫ. ആർ.എൽ.വി. രാമകൃഷ്ണൻ, ചാലക്കുടി റെസിഡൻസ് അസോസിയേഷൻ കോ-ഓർഡിനേഷൻ ട്രസ്റ്റ്, കലാഭവൻ മണി പാർക്ക് പാട്ടുപുര ടീം, നടുമുറ്റം സാംസ്കാരിക വേദി, തൗരത്രികം പാഠശാല തുടങ്ങിയവരും കലാകാരന്മാരുടെ സംഘടനകളായ തരംഗ്, സ്വാക്, ഫെയ്സ്, അഫ്ക എന്നിവരും നഗരസഭയുമായി സഹകരിച്ച് വിവിധ പരിപാടികൾ അവതരിപ്പിക്കും.വിവിധ ദിവസങ്ങളിലായി സംസ്ഥാന കായിക-യുവജനക്ഷേമ വകുപ്പ് മന്ത്രി ഒ.ജെ. ജെനീഷ്, ബെന്നി ബെഹനാൻ എം.പി., സനീഷ്കുമാർ ജോസഫ് എം.എൽ.എ., ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ എന്നിവർ അതിഥികളായി പങ്കെടുക്കും.ഓണം ഫെസ്റ്റിന് കൂടുതൽ ആവേശവും ആകർഷണവും പകരുന്നതിനായി അമ്യൂസ്മെന്റ് പാർക്ക്, ഫുഡ് കോർട്ട്, ടോയ്സ് കോർണർ, ചിൽഡ്രൻസ് പാർക്ക് എന്നിവയും പ്രത്യേകമായി ഒരുക്കിയിട്ടുണ്ട്.ചാലക്കുടിയിലെയും പരിസര പ്രദേശങ്ങളിലെയും വിവിധ സംഘടനകളും സ്ഥാപനങ്ങളും പങ്കെടുക്കുന്ന വടംവലി മത്സരവും ഓണം ഫെസ്റ്റിന്റെ ഭാഗമായി നടക്കും.നഗരസഭാ ചെയർപേഴ്സൺ ആലീസ് ഷിബു, വൈസ് ചെയർപേഴ്സൻ കെ.വി. പോൾ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻമാരായ ആനി പോൾ, ഒ.എസ്. ചന്ദ്രൻ, ഷിഫ സന്തോഷ്, ജിയോ കിഴക്കുംതല, യു.ഡി.എഫ്. ലീഡർ ഷിബു വാലപ്പൻ, വാർഡ് കൗൺസിലർ വി.ജെ. ജോജി, കെ.ബി. ഉണ്ണികൃഷ്ണൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.ന്യൂസ് ഡെസ്ക് കേരളടൈംസ്.
ചാലക്കുടിയിൽ ‘ചാലക്കുടിയുടെ നൻമോണം’; ഓണം ഫെസ്റ്റ് 26 മുതൽ 30 വരെ




