എൽഡിഎഫ് സമരത്തെ അപകീർത്തിപ്പെടുത്താൻ ബിജെപി ശ്രമിക്കുന്നുവെന്ന് എൽഡിഎഫ്

കൊടുങ്ങല്ലൂർ: പുല്ലൂറ്റിൽ ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട് എൽഡിഎഫ് നടത്തിവരുന്ന രാപ്പകൽ സമരത്തെ അപകീർത്തിപ്പെടുത്താൻ ബിജെപി കുപ്രചാരണങ്ങൾ നടത്തുകയാണെന്ന് എൽഡിഎഫ് നേതാക്കൾ ആരോപിച്ചു.
ശിവാലയ, ഓറിയന്റൽ കമ്പനികൾ നഗരസഭയുമായുള്ള കരാർ പ്രകാരം തകർന്ന റോഡുകൾ പുനർനിർമിക്കാത്തതിൽ പ്രതിഷേധിച്ച് എൽഡിഎഫ് കൊടുങ്ങല്ലൂർ നഗരസഭ കൗൺസിലർമാരുടെ നേതൃത്വത്തിൽ കഴിഞ്ഞ 18 ദിവസമായി പുല്ലൂറ്റിൽ രാപ്പകൽ സമരം തുടരുകയാണ്.
ദേശീയപാത നിർമ്മാണത്തിനായി പുഴകളിൽ നിന്ന് മണ്ണ് കൊണ്ടുപോകുന്ന അമിതഭാര വാഹനങ്ങൾ നഗരസഭാ റോഡുകൾ തകർത്തതായും, റോഡുകൾ പുനർനിർമിക്കുമെന്ന കരാർ കമ്പനികൾ പാലിച്ചില്ലെന്നും എൽഡിഎഫ് ആരോപിച്ചു.
സമരത്തിന്റെ ഭാഗമായി കയലോരം റോഡ് പുനർനിർമിച്ചതായും, പവർഹൗസ് റോഡിന്റെയും മറ്റ് ചില റോഡുകളുടെയും നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചതായും സമരസമിതി അറിയിച്ചു. ശേഷിക്കുന്ന റോഡുകളുടെ പണി ഉടൻ ആരംഭിച്ചില്ലെങ്കിൽ സമരം കൂടുതൽ ശക്തമാക്കുമെന്നും മുന്നറിയിപ്പ് നൽകി.
ജനങ്ങളുടെ സഞ്ചാരാവകാശത്തിനായി നടക്കുന്ന സമരത്തെ തകർക്കാൻ ബിജെപി ശ്രമിക്കുകയാണെന്നും, ദേശീയപാത നിർമ്മാണ കമ്പനികളുടെ താൽപര്യങ്ങളാണ് ബിജെപി സംരക്ഷിക്കുന്നതെന്നും എൽഡിഎഫ് ആരോപിച്ചു. മണ്ണെടുപ്പുമായി ബന്ധപ്പെട്ട് അനധികൃത പ്രവർത്തനങ്ങൾ എവിടെയെങ്കിലും നടക്കുന്നുണ്ടെങ്കിൽ നിയമനടപടികൾ സ്വീകരിക്കുകയാണ് വേണ്ടതെന്നും, അതിന്റെ പേരിൽ ജനകീയ സമരത്തെ അപകീർത്തിപ്പെടുത്തുന്നത് അംഗീകരിക്കാനാകില്ലെന്നും നേതാക്കൾ പറഞ്ഞു.
പുല്ലൂറ്റ് സമരവേദിയിൽ നടന്ന വിശദീകരണ യോഗത്തിൽ മുസ്തക്ക് അലി അധ്യക്ഷത വഹിച്ചു. വി.ആർ. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ ഹണി പീതാംബരൻ ഉൾപ്പെടെ വിവിധ എൽഡിഎഫ് നേതാക്കൾ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *