പരിശുദ്ധ കന്യക മാതാവിന്റെ സ്നേഹത്തണലിൽ കുടുംബങ്ങൾ; ചാലക്കുടി ഫൊറോന പള്ളിയിൽ പിറവിതിരുനാൾ ആഘോഷങ്ങൾക്ക് തുടക്കം

മാതൃസ്നേഹത്തിന്റെ അനുഗ്രഹം തേടി ചാലക്കുടി ഫൊറോനയിൽ തിരുനാളിന് കൊടിയേറി
ചാലക്കുടി: പരിശുദ്ധ ദൈവമാതാവ് കന്യകാമറിയത്തിന്റെ തിരുപ്പിറവിയുടെ നാമധേയത്തിൽ എ.ഡി. 600-ൽ സ്ഥാപിതമായ ചാലക്കുടി സെന്റ് മേരീസ് ഫൊറോന പള്ളിയിൽ പരിശുദ്ധ ദൈവമാതാവിന്റെ തിരുനാളിന് ഭക്തിനിർഭരമായ തുടക്കം. ഷംഷാബാദ് രൂപത മെത്രാപ്പോലീത്ത മാർ പ്രിൻസ് ആന്റണി പാണങ്ങാടൻ തിരുനാളിന്റെ കൊടിയേറ്റം നിർവഹിച്ചു.
പരിശുദ്ധ ദൈവമാതാവിന്റെ മാതൃസ്നേഹത്തിലും മാധ്യസ്ഥ്യത്തിലും അഭയം തേടി വിശ്വാസികൾ ഒത്തുചേർന്ന കൊടിയേറ്റച്ചടങ്ങ് ആത്മീയാനുഭവമായി. മാതാവിന്റെ സ്നേഹവും കരുതലും ഓരോ കുടുംബത്തിലും നിറയട്ടെയെന്നും, മാതാവിന്റെ മാധ്യസ്ഥത്തിലൂടെ കുടുംബങ്ങൾ വിശ്വാസത്തിലും സ്നേഹത്തിലും ഐക്യത്തിലും വളരട്ടെയെന്നും തിരുനാൾ ആഘോഷങ്ങളിലൂടെ വിശ്വാസികൾ പ്രാർഥിക്കുന്നു.
തിരുനാളിനോടനുബന്ധിച്ച് ഫൊറോനയിലെ 64 കുടുംബ കൂട്ടായ്മകളിൽ നിന്നുള്ള മരിയൻ ജ്യോതി പ്രയാണത്തിന്റെ സമാപനവും നടന്നു. മാതാവിനോടുള്ള ഭക്തിയും വിശ്വാസവും ഹൃദയത്തിലേറ്റി കുടുംബ കൂട്ടായ്മകളിലെ അംഗങ്ങൾ പങ്കെടുത്ത മരിയൻ ജ്യോതി പ്രയാണം തിരുനാൾ ആഘോഷങ്ങൾക്ക് കൂടുതൽ ആത്മീയ ചൈതന്യം പകർന്നു.
ആഗസ്റ്റ് 30 മുതൽ നവനാൾ തിരുകർമ്മങ്ങൾ ആരംഭിച്ചു. വിവിധ ദിവസങ്ങളിലായി വിശുദ്ധ കുർബാന, പ്രാർഥനകൾ, മരിയൻ ഭക്തിപരിപാടികൾ എന്നിവ നടക്കും. സെപ്റ്റംബർ എട്ടിന് ചൊവ്വാഴ്ചയാണ് പരിശുദ്ധ ദൈവമാതാവിന്റെ തിരുപ്പിറവി തിരുനാൾ ആഘോഷിക്കുന്നത്.
ഫൊറോന വികാരി വർഗീസ് പാത്താടനച്ചൻ, അസിസ്റ്റന്റ് വികാരിമാരായ ഫാ. ആൽബിൻ പുതുശ്ശേരി, ഫാ. ജോയൽ പുല്ലേലി, ഫാ. സിന്റോ പൊഴേലിപ്പറമ്പിൽ, ട്രസ്റ്റി തോമസ് പറനിലം, ജനറൽ കൺവീനർ രാജീവ് ചിറമേൽ എന്നിവർ തിരുനാൾ പരിപാടികൾക്ക് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *