ലഹരിക്കെതിരെ ‘ഫുട്ബോളും പുസ്തകവും’; ബോധവൽക്കരണവുമായി നവമാറ്റൊലി കുട്ടിലൈബ്രറി.

ചാലക്കുടി /​പൂലാനി: കുട്ടികളിൽ വർധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ കായിക-ബൗദ്ധിക ഉണർവേകി പൂലാനി നവമാറ്റൊലി കുട്ടിലൈബ്രറിയുടെ വേറിട്ട കാമ്പയിൻ. വി.ബി.യു.പി, എൽ.പി. സ്കൂളുകളുടെ സഹകരണത്തോടെ സംഘടിപ്പിച്ച ‘ലഹരിക്കെതിരെ ഫുട്ബോളും പുസ്തകവും’ പരിപാടിയുടെ ഉദ്ഘാടനം മേലൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹൈമാവതി ശിവൻ നിർവഹിച്ചു.
​കുട്ടിലൈബ്രറിയുടെ തനതു ബോധവൽക്കരണ പദ്ധതിയായ ‘ലഹരിക്കെതിരെ ഒരു കുടക്കീഴിൽ’ എന്ന പരിപാടിയുടെ ഭാഗമായാണ് ഈ കാമ്പയിൻ സംഘടിപ്പിച്ചത്. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് അംഗം സിന്ധു ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. ലഹരിയുടെ വിപത്തുകളെക്കുറിച്ചും അതിനെതിരെ വിദ്യാർഥികൾ പുലർത്തേണ്ട ജാഗ്രതയെക്കുറിച്ചും ചാലക്കുടി അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ കെ.കെ. രാജു മുഖ്യപ്രഭാഷണം നടത്തി.

കാമ്പയിന്റെ ഭാഗമായി കുട്ടികൾക്കായി പ്രത്യേക പെനാൽറ്റി ഷൂട്ടൗട്ട് മത്സരം സംഘടിപ്പിച്ചു. കായികരംഗത്തോടുള്ള ആഭിമുഖ്യം വഴി ലഹരിയിൽ നിന്ന് കുട്ടികളെ അകറ്റിനിർത്തുക എന്നതായിരുന്നു ലക്ഷ്യം. മത്സരത്തിൽ വിജയികളായവർക്ക് ചടങ്ങിൽ വച്ച് സമ്മാനങ്ങൾ വിതരണം ചെയ്തു.
​സ്കൂൾ ഹെഡ്മിസ്ട്രസ് വി. പ്രീജ, പി.ടി.എ പ്രസിഡന്റ് പി.എസ്. സാജു, കെ.വി. ഗ്രീഷ്മ, ടി.എസ്. മനോജ്, അയന പ്രകാശ്, ദിയ ഗോപാൽ, പി.എസ്. റിതിക, എസ്. ഗൗരിനന്ദ, കെ. ആയുഷ്, ശിവദേവ് കെ.എസ് എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *