പൂലാനി: കുട്ടികളിൽ പത്രവായനയും വാർത്തകളോടുള്ള താൽപര്യവും വളർത്തുന്നതിനായി നവമാറ്റൊലി കുട്ടിലൈബ്രറിയുടെ നേതൃത്വത്തിൽ നടത്തി വരുന്ന ഓൺലൈൻ വാർത്താ അവതരണ പരിപാടിയായ ‘ഇന്നത്തെ പ്രധാന വാർത്തകൾ’ ഒരു വർഷം പൂർത്തിയാക്കി. ഇതിന്റെ ഭാഗമായി സംഘടിപ്പിച്ച കുഞ്ഞു വാർത്താ അവതാരകരുടെയും കുടുംബാംഗങ്ങളുടെയും വാർഷിക സംഗമം ശ്രദ്ധേയമായി.
ദൂരദർശൻ മുൻ വാർത്താ അവതാരകൻ ആർ. ബാലകൃഷ്ണൻ സംഗമം ഉദ്ഘാടനം ചെയ്തു. ലൈബ്രറി രക്ഷാധികാരി ടി. എസ്. മനോജ് അധ്യക്ഷത വഹിച്ചു.
വാർത്തകൾ വായിക്കുകയും അവതരിപ്പിക്കുകയും ചെയ്യുന്നതിലൂടെ കുട്ടികളിൽ വായനാശീലവും പൊതുവിജ്ഞാനവും ആശയവിനിമയശേഷിയും ആത്മവിശ്വാസവും വളർത്തുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പരിപാടി ഒരു വർഷം പിന്നിടുമ്പോൾ നിരവധി കുട്ടികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരിക്കുകയാണ്.
സി. എം. കിഡ്സ് സ്കോളർഷിപ്പ് പരീക്ഷയിൽ സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനം നേടിയ അനൗഷ്ക എസ്. ജാനകിയെ ചടങ്ങിൽ ആദരിച്ചു. പരിപാടിയിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും സമ്മാനങ്ങളും മധുരപലഹാരങ്ങളും വിതരണം ചെയ്തു.
കൊടകര ഗവ. എൽ.പി. സ്കൂൾ ഹെഡ്മിസ്ട്രസ് എം. കെ. ഡെയ്നി, മുരിയാട് എ.യു.പി. സ്കൂൾ അധ്യാപിക കെ. എസ്. സജിത, പി. വി. രമേശൻ, അയന പ്രകാശ്, ദിയ ഗോപാൽ, അനയ സജി, അംറീൻ ഫാബി എന്നിവർ സംസാരിച്ചു.
ന്യൂസ്ഡെസ്ക് കേരളടൈംസ്.





