വേലൂർ: ഭാരതീയ സംസ്കാരവും മലയാളം, സംസ്കൃതം എന്നീ ഭാഷകളും ലോകത്തിന്റെ അതിർത്തികളിലേക്ക് എത്തിച്ച മഹാപണ്ഡിതനായിരുന്നു മഹാകവി അർണോസ് പാതിരിയെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോൺ പറഞ്ഞു.
മലയാള സർവകലാശാലയുമായി സഹകരിച്ച് വേലൂരിലെ അർണോസ് ഗവേഷണ പഠനകേന്ദ്രത്തെ അക്കാദമിക മേഖലയിലും ഗവേഷണ രംഗത്തും ഉന്നത നിലവാരത്തിലെത്തിക്കുന്നതിനുള്ള ആലോചനകൾ നടന്നുവരികയാണെന്നും മന്ത്രി പറഞ്ഞു.
അർണോസ് അക്കാദമി നിർമ്മിച്ച അർണോസ് പാതിരിയുടെ ഭാരതപ്രവേശനത്തിന്റെ 325-ാം ജൂബിലി മെമ്മോറിയൽ ഗവേഷണ പഠനകേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
എഴുത്തച്ഛനുശേഷം കേരള ജനതയെ ഭക്തിയുടെ ശ്രീകോവിലിലേക്ക് നയിക്കുന്നതിൽ അർണോസ് പാതിരിയുടെ കാവ്യങ്ങൾ വലിയ പങ്കുവഹിച്ചുവെന്ന് അനുഗ്രഹ പ്രഭാഷണം നടത്തിയ ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് പറഞ്ഞു. സാധാരണക്കാരുടെ ഹൃദയങ്ങളെ സ്വാധീനിച്ച കാവ്യങ്ങൾക്കൊപ്പം നിഘണ്ടുക്കളും വ്യാകരണ ഗ്രന്ഥങ്ങളും മലയാളത്തിന് സംഭാവന ചെയ്ത മഹാപണ്ഡിതനായിരുന്നു അർണോസ് പാതിരിയെന്നും അദ്ദേഹം പറഞ്ഞു.
മൂന്ന് പതിറ്റാണ്ടുകൾക്ക് മുമ്പ് സർക്കാരിന്റെ ശുപാർശപ്രകാരം തയ്യാറാക്കിയ അർണോസ് പാതിരിയുടെ വെങ്കല പ്രതിമ ഉചിതമായ സ്ഥലത്ത് സ്ഥാപിക്കാൻ സർക്കാർ മുൻകൈയെടുക്കണമെന്ന് യോഗം സർക്കാരിനോട് അഭ്യർഥിച്ചു.
കേരള ജെസ്യൂട്ട് പ്രൊവിൻഷ്യൽ റവ. ഡോ. ഹെൻറി പെരുമറ്റം അധ്യക്ഷത വഹിച്ചു. പഠന ഗവേഷണ കേന്ദ്രം ഡയറക്ടർ റവ. ഡോ. ജോർജ് തേനാടിക്കുളം ആമുഖ പ്രഭാഷണം നടത്തി.
അർണോസ് ഗാലറി ആൻഡ് ഡോക്യുമെന്റേഷൻ സെന്ററിന്റെ ഉദ്ഘാടനവും അർണോസ് ചെയർ പത്രികയുടെ പ്രകാശനവും വേലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന രാമചന്ദ്രൻ നിർവഹിച്ചു. അർണോസ് സ്മാരക സംരക്ഷണ പ്രവർത്തകൻ ജോൺ കള്ളിയത്ത് ചടങ്ങിൽ ആദരിക്കപ്പെട്ടു.
ജനറൽ കൺവീനർ അഡ്വ. സി. കെ. കുഞ്ഞിപ്പൊറിഞ്ചു, മലയാളം സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. ഡോ. സി. ആർ. പ്രസാദ്, തൃശൂർ തെക്കേ മഠം മാനേജർ വടക്കുമ്പാട്ട് നാരായണൻ, ഡോ. എൻ. ജെ. ജമീൽ അഹമ്മദ്, ഡോ. പി. വി. ഔസേപ്പ്, റവ. ഡോ. മാത്യു, ഡോ. ജോർജ് അലക്സ്, പ്രൊഫ. ജോൺ തോമസ് എന്നിവർ പ്രസംഗിച്ചു.
കേരളത്തിലെ 25 കലാലയങ്ങളിൽ നിന്നുള്ള വിദ്യാർഥി പ്രതിനിധികൾ പങ്കെടുത്ത അർണോസ് കവി സദസ്സും സംഘടിപ്പിച്ചു. പി. എൻ. ഗോപീകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. അഗസ്റ്റിൻ കുട്ടനെല്ലൂർ, പത്മിനി നാരായണൻ, കൃഷ്ണകുമാർ, സൗപർണിക എന്നിവർ നേതൃത്വം നൽകി.
ന്യൂസ്ഡെസ്‌ക് കേരളടൈംസ്.




