കോട്ടപ്പുറം കിഡ്സ് പ്രൈവറ്റ് ഐ.ടി.ഐയിലും ജർമ്മൻ ഭാഷാ അക്കാദമിയിലും പുതിയ ബാച്ച് ആരംഭിച്ചു

കോട്ടപ്പുറം: കിഡ്സ് പ്രൈവറ്റ് ഐ.ടി.ഐയിലെ പുതിയ അധ്യയന വർഷത്തിന്റെ പ്രവേശനോദ്ഘാടനവും 2026-ൽ നൂറുശതമാനം വിജയം നേടിയ വിദ്യാർഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും മികച്ച ട്രെയിനികൾക്കുള്ള പുരസ്കാര വിതരണവും കിഡ്സിന്റെ കീഴിൽ പ്രവർത്തിക്കുന്ന കിഡ്സ് ഇന്റർനാഷണൽ ലാംഗ്വേജ് അക്കാദമിയിലെ ജർമ്മൻ ഭാഷാ കോഴ്സിന്റെ പുതിയ ബാച്ചിന്റെ ഉദ്ഘാടനവും നടന്നു.
ചേന്ദമംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബസ്സി സെബാസ്റ്റ്യൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. തൊഴിൽ അധിഷ്ഠിത സാങ്കേതിക വിദ്യാഭ്യാസത്തോടൊപ്പം വിദേശഭാഷാ പരിശീലനത്തിനും പ്രാധാന്യം നൽകുന്നത് വിദ്യാർഥികളുടെ തുടർപഠനത്തിനും തൊഴിൽ സാധ്യതകൾക്കും സഹായകരമാകുമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അവർ പറഞ്ഞു.
കിഡ്സ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. നിമേഷ് അഗസ്റ്റിൻ കാട്ടാശ്ശേരി അധ്യക്ഷത വഹിച്ചു. കിഡ്സ് അസോസിയേറ്റ് ഡയറക്ടർ ഫാ. വിനു പീറ്റർ, ഐ.ടി.ഐ അധ്യാപിക ബ്രിജിന എം.എസ്., ജർമ്മൻ ഭാഷാ പരിശീലക റോഷ്നി തോമസ് എന്നിവർ ആശംസകൾ നേർന്നു.
ഐ.ടി.ഐയിലെ മികച്ച വിജയം നേടിയ വിദ്യാർഥികളെയും മികച്ച പ്രകടനം കാഴ്ചവെച്ച ട്രെയിനികളെയും ചടങ്ങിൽ അനുമോദിച്ചു. ജർമ്മൻ ഭാഷാ കോഴ്സിന്റെ പുതിയ ബാച്ചിലേക്കുള്ള വിദ്യാർഥികളെയും ചടങ്ങിൽ പരിചയപ്പെടുത്തി.
ഐ.ടി.ഐ സ്റ്റാഫ് അംഗങ്ങൾ, ലാംഗ്വേജ് അക്കാദമി പരിശീലകർ, വിദ്യാർഥികൾ, രക്ഷിതാക്കൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ന്യൂസ് ഡെസ്ക് കേരളടൈംസ്.

Leave a Reply

Your email address will not be published. Required fields are marked *