ശുചിത്വ കേരളത്തിന് ചാലക്കുടി നഗരസഭയിൽ തുടക്കം. ചുവരുകളിൽ പോസ്റ്റർ പതിച്ചാൽ പിഴ. നഗരസഭ ഓഫീസും പൊതുസ്ഥലങ്ങളും ശുചീകരിച്ചു. ബസ് സ്റ്റേഷൻ സൗന്ദര്യവൽക്കരണത്തിനും തുടക്കം.

ചാലക്കുടി: സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ‘നിർമ്മലം – പുതിയ ശുചിത്വ കേരളം’ പദ്ധതിയുടെ ഭാഗമായി ചാലക്കുടി നഗരസഭയുടെ നേതൃത്വത്തിൽ വിവിധ സ്ഥാപനങ്ങളിലും പൊതുസ്ഥലങ്ങളിലും ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. ഗാന്ധിജയന്തി ദിനത്തിൽ നഗരസഭ ഓഫീസും പരിസരവും കൗൺസിലർമാരുടെയും ജീവനക്കാരുടെയും നേതൃത്വത്തിൽ ശുചീകരിച്ചു.
നഗരസഭയിലെ വിവിധ സെക്ഷൻ ഓഫീസുകളും ജീവനക്കാർ ശുചീകരണ തൊഴിലാളികളുടെ സഹായത്തോടെ വൃത്തിയാക്കി. കാലങ്ങളായി സൂക്ഷിച്ചിരുന്ന പഴയ ഫയലുകളും ഉപയോഗശൂന്യമായ പേപ്പറുകളും ഉൾപ്പെടെയുള്ളവ നീക്കം ചെയ്തു. ആറുമാസം നീണ്ടുനിൽക്കുന്ന ശുചീകരണ പ്രവർത്തനങ്ങളുടെ തുടക്കമാണിതെന്ന് നഗരസഭ അധികൃതർ അറിയിച്ചു.

പദ്ധതിയുടെ ഭാഗമായി താലൂക്ക് ആശുപത്രി, മുനിസിപ്പൽ ബസ് സ്റ്റേഷൻ, കെ.എസ്.ആർ.ടി.സി. ബസ് സ്റ്റേഷൻ, ആയുർവേദ ആശുപത്രി തുടങ്ങിയ സ്ഥലങ്ങളിലും ശുചീകരണ പ്രവർത്തനങ്ങൾ നടന്നു. നഗരസഭയുടെയും കൗൺസിലർമാരുടെയും നേതൃത്വത്തിലായിരുന്നു പ്രവർത്തനങ്ങൾ.
നഗരസഭ ചെയർപേഴ്സൺ ആലി ഷിബു ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു. ഡെപ്യൂട്ടി ചെയർപേഴ്സൺ കെ.വി. പോൾ അധ്യക്ഷനായി. സെക്രട്ടറി കെ. പ്രമോദ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ ഷിഫാ സന്തോഷ്, ആനി പോൾ, ഒ.എസ്. ചന്ദ്രൻ, ലിജി ജോജി, ജിയോ കിഴക്കുംതല, പാർലമെന്ററി പാർട്ടി ലീഡർമാരായ ഷിബു വാലപ്പൻ, ജിൽ ആന്റണി, കൗൺസിലർ റെയ്സൺ ആലുക്ക, ക്ലീൻ സിറ്റി മാനേജർ ജോൺ ദേവസ്യ, റവന്യു ഓഫീസർ ഷീല, അക്കൗണ്ടന്റ് മൻസൂർ എന്നിവർ നേതൃത്വം നൽകി.

ഇതിനൊപ്പം മുനിസിപ്പൽ ബസ് സ്റ്റേഷൻ കോംപ്ലക്സ് വെൽഫെയർ അസോസിയേഷന്റെ നേതൃത്വത്തിൽ ബസ് സ്റ്റേഷൻ പരിസരം ശുചീകരിക്കുകയും സൗന്ദര്യവൽക്കരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുകയും ചെയ്തു.
നഗരസഭയുടെ സഹകരണത്തോടെ നടന്ന ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഡെപ്യൂട്ടി ചെയർപേഴ്സൺ കെ.വി. പോൾ നിർവഹിച്ചു. ബസ് സ്റ്റേഷൻ കെട്ടിടത്തിന്റെ ചുവരുകളിൽ പതിപ്പിച്ചിരുന്ന പരസ്യ പോസ്റ്ററുകൾ നീക്കം ചെയ്ത് മാലിന്യച്ചാക്കുകളിൽ നിക്ഷേപിച്ചായിരുന്നു ഉദ്ഘാടനം.
ബസ് സ്റ്റേഷൻ കെട്ടിടത്തിന്റെ ചുവരുകളിൽ അനുമതിയില്ലാതെ പരസ്യ പോസ്റ്ററുകളോ മറ്റ് പരസ്യങ്ങളോ പതിക്കുന്നത് അനുവദിക്കില്ലെന്ന് നഗരസഭ അധികൃതർ അറിയിച്ചു. മുന്നറിയിപ്പ് അവഗണിച്ച് പോസ്റ്ററുകളോ പരസ്യങ്ങളോ പതിച്ചാൽ 5,000 രൂപ വരെ പിഴ ഈടാക്കും. പിഴ അടയ്ക്കാതെ നടപടി ഒഴിവാക്കാൻ ശ്രമിച്ചാൽ പോലീസിൽ പരാതി നൽകി കേസെടുക്കുന്നതിനുള്ള നടപടികളും സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

വെൽഫെയർ അസോസിയേഷന്റെ നേതൃത്വത്തിൽ നടക്കുന്ന സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി ബസ് സ്റ്റേഷൻ കെട്ടിടത്തിന് പെയിന്റിങ് ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ നഗരസഭ ഏറ്റെടുക്കുമെന്നും അധികൃതർ അറിയിച്ചു.
കൗൺസിലർ വി.ജെ. ജോജി അധ്യക്ഷത വഹിച്ചു. ക്ലീൻ സിറ്റി മാനേജർ ജോൺ ദേവസ്യ, ഡേവിസ് എം.ഡി., അഡ്വ. അഖിലേശൻ, സന്തോഷ് കുര്യൻ എന്നിവർ പ്രസംഗിച്ചു.

ചാലക്കുടി ക്ലീൻ സിറ്റി എന്ന ലക്ഷ്യത്തോടെ നഗരത്തിലെ വിവിധ ക്ലബ്ബുകളുടെയും സംഘടനകളുടെയും നേതൃത്വത്തിലും ഗാന്ധിജയന്തി ദിനത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടന്നു.

ന്യൂസ് ഡെസ്ക് | കേരളടൈംസ്

Leave a Reply

Your email address will not be published. Required fields are marked *