ലഹരിമുക്തമായ ഒരു നാളേക്ക്, ആരോഗ്യപൂർണ്ണമായ ഒരു തലമുറയ്ക്കായി ചാലക്കുടി ഒന്നിക്കുന്നു!

ചാലക്കുടി :​ലോക ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച്, ചാലക്കുടി നഗരസഭയുടേയും എക്‌സൈസ് വകുപ്പിന്റേയും സംയുക്ത ആഭിമുഖ്യത്തിൽ ജനമനസ്സുകളിൽ ലഹരിക്കെതിരെ ശക്തമായ പ്രതിരോധം തീർക്കുക എന്ന ലക്ഷ്യത്തോടെ ലഹരിവിരുദ്ധ ബോധവൽക്കരണ വിളംബര ബൈക്ക് റാലി സംഘടിപ്പിച്ചു.​​ചാലക്കുടി എൽ.എം.എ. സനീഷ്‌കുമാർ ജോസഫ് റാലിയുടെ ഔപചാരികമായ ഉദ്ഘാടനം നിർവ്വഹിച്ചു. ചാലക്കുടി നഗരസഭ ചെയർപേഴ്‌സൺ ആലീസ് ഷിബു അധ്യക്ഷത വഹിച്ച ചടങ്ങിൽ ചാലക്കുടി ഡി.വൈ.എസ്.പി. ബെന്നി കെ. പി. മുഖ്യാതിഥിയായിരുന്നു.​നാടിന്റെ നന്മയ്ക്കായി കൈകോർത്തുകൊണ്ട് നഗരസഭ പ്രതിപക്ഷ പാർലമെന്ററി പാർട്ടി ലീഡർ ജിൽ ആന്റണി, യു.ഡി.എഫ് പാർലമെന്ററി ലീഡർ ഷിബു വാലപ്പൻ, വാർഡ് കൗൺസിലർ വി. ജെ. ജോജി, എക്‌സൈസ് ഇൻസ്‌പെക്ടർ കെ. കെ. രാജു, ജോയ് മൂത്തേടൻ, ശ്രീഹരി മൂർക്കന്നൂർ, പി. ഡി. ദിനേശ് തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സംസാരിക്കുകയും ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ പങ്കാളികളാകാൻ ആഹ്വാനം ചെയ്യുകയും ചെയ്തു.​ കലാഭവൻ മണിയുടെ ഓർമ്മകൾ തുടിക്കുന്ന കലാഭവൻ മണി പാർക്കിൽ നിന്നും ആവേശം വിതറി ആരംഭിച്ച ഇരുചക്ര വാഹന റാലി, പ്രകൃതിഭംഗി തുളുമ്പുന്ന തുമ്പൂർമുഴിയിൽ ആവേശകരമായി സമാപിച്ചു. നൂറുകണക്കിന് യുവാക്കളും സന്നദ്ധപ്രവർത്തകരും അണിനിരന്ന റാലി ചാലക്കുടി നഗരവീഥികളിൽ ലഹരി വിരുദ്ധ സന്ദേശത്തിന്റെ അലയൊലികൾ തീർത്തു.​​”ലഹരിയോട് പറയാം ‘വേണ്ട’, ജീവിതത്തോട് പറയാം ‘വേണം’!”​ലഹരി ഒരു താൽക്കാലിക തമാശയല്ല, മറിച്ച് ഒരു ജീവിതത്തെയും കുടുംബത്തെയും തകർത്തെറിയുന്ന കറുത്ത ശാപമാണ്. നമ്മുടെ കൈകൾ ലഹരി പദാർത്ഥങ്ങളിലേക്കല്ല, മറിച്ച് സഹജീവികളുടെ നന്മയിലേക്കും നാടിന്റെ പുരോഗതിയിലേക്കുമാണ് നീളേണ്ടത്.​വരുംതലമുറയെ ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്ന് രക്ഷിക്കാൻ നമുക്ക് ഒന്നിച്ച് അണിനിരക്കാം. ജാഗ്രതയുള്ള ഒരു സമൂഹമായി, ലഹരിമുക്ത ചാലക്കുടിയായി നമുക്ക് മാറാം!​ലഹരിക്കെതിരെ നാടിന്റെ കാവലാളാകാൻ കൈകോർത്ത ചാലക്കുടി നഗരസഭയ്ക്കും എക്സൈസ് വകുപ്പിനും, റാലിയിൽ പങ്കെടുത്ത എല്ലാ നല്ലവരായ നാട്ടുകാർക്കും കേരളടൈംസിന്റെ ഹൃദയം നിറഞ്ഞ അഭിവാദ്യങ്ങൾ!​

Leave a Reply

Your email address will not be published. Required fields are marked *