തൃശൂർ: ഇന്ത്യൻ അത്ലറ്റിക്സിൽ പുതിയ ചരിത്രം കുറിച്ച് തൃശൂരിന്റെ ലോങ്ജമ്പ് താരം ആൻസി സോജൻ. ഇന്റർ സ്റ്റേറ്റ് അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ 6.88 മീറ്റർ ചാടിയാണ് ആൻസി പുതിയ ദേശീയ റെക്കോർഡ് കുറിച്ചത്. 2004-ൽ ഇതിഹാസ താരം അഞ്ജു ബോബി ജോർജ് സ്ഥാപിച്ച 6.83 മീറ്ററിന്റെ റെക്കോർഡാണ് ഇരുപത് വർഷങ്ങൾക്ക് ശേഷം ആൻസി പഴങ്കഥയാക്കിയത്.ഈ മിന്നും പ്രകടനത്തോടെ ആൻസി സോജൻ ഏഷ്യൻ ഗെയിംസിനുള്ള യോഗ്യതയും സ്വന്തമാക്കി. തൃശൂർ നാട്ടിക എടപ്പള്ളി സോജന്റെയും ജാൻസിയുടെയും മകളാണ് ആൻസി. മുംബൈ റിലയൻസ് ഫൗണ്ടേഷനിൽ, കണ്ണൂർ സ്വദേശിയായ പ്രമുഖ കോച്ച് അനൂപ് ജോസഫിന് കീഴിലാണ് താരം ഇപ്പോൾ പരിശീലനം നടത്തുന്നത്.



