ഇന്നത്തെ പാചകം 🍳നേന്ത്രപ്പഴം ബോൾ

ദിവസേന ഒരേപോലെയുള്ള പലഹാരങ്ങൾ കഴിച്ചു മടുത്തവർക്കായി നേന്ത്രപ്പഴവും പുട്ടുപൊടിയും ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ആരോഗ്യകരവും രുചികരവുമായ ഒരു പലഹാരമുണ്ട്. നേന്ത്രപ്പഴം ബോൾ. വൈകുന്നേരങ്ങളിൽ ചൂടൻ കട്ടൻകാപ്പിക്കോ ചായക്കോ ഒപ്പം കഴിക്കാൻ ഇതിലും മികച്ചൊരു പലഹാരമില്ല.

ചേരുവകൾ

നേന്ത്രപ്പഴം- 1 എണ്ണം
പുട്ടുപൊടി- 1 കപ്പ്
തേങ്ങ ചിരകിയത്- 1/2 കപ്പ്
പഞ്ചസാര- 1 ടേബിൾസ്പൂൺ
ഉപ്പ്- ആവശ്യത്തിന്
_വെള്ളം- ആവശ്യത്തിന്.

തയ്യാറാക്കുന്ന വിധം
ഒരു ബൗളിലേയ്ക്ക് ഒരു കപ്പ് പുട്ടുപൊടിയെടുക്കാം. ഇതിലേയ്ക്ക് ഒരു നേന്ത്രപ്പഴം ചെറിയ കഷ്ണങ്ങളാക്കിയതും അര കപ്പ് തേങ്ങ ചിരകിയതും ചേർത്തിളക്കി യോജിപ്പിക്കാം.
ശേഷം ഒരു ടേബിൾസ്പൂൺ പഞ്ചസാരയും ഒരു നുള്ള് ഉപ്പ് ചേർത്ത് അൽപം വെള്ളം തളിച്ച് നന്നായി ഇളക്കിയെടുക്കാം.
ഇത് ചെറിയ ഉരുളകളാക്കിയെടുക്കാം. ഒരു ഇഡ്ഡലി പാത്രം അടുപ്പിൽ വച്ച് അതിൽ വെള്ളം ഒഴിച്ച് തിളപ്പിക്കാം.
ശേഷം ഇഡ്ഡലി തട്ടിൽ വാഴയില വച്ച് അതിനു മുകളിൽ ഉരുളകൾ നിരത്താം.
ഇത് ഇഡ്ഡലി പാത്രത്തിൽ വച്ച് അടച്ച് ആവിയിൽ വേവിക്കാം. നന്നായി വെന്തതിനു ശേഷം ഇവ ചൂടോടെ കട്ടൻകാപ്പിക്കൊപ്പം കഴിക്കാം.

കുറിപ്പ്

ആരോഗ്യത്തിന് ഏറെ ഗുണകരമായ പഴവർഗ്ഗങ്ങളിൽ ഒന്നാണ് നേന്ത്രപ്പഴം. ശരീരത്തിന് ആവശ്യമായ ഊർജ്ജം പെട്ടെന്ന് നൽകാനും ദഹനം എളുപ്പമാക്കാനും നേന്ത്രപ്പഴം ഏറെ സഹായിക്കുന്നു. ഇതിൽ അടങ്ങിയിരിക്കുന്ന വിറ്റാമിനുകളും നാരുകളും ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തെ മെച്ചപ്പെടുത്തുന്നു. പ്രത്യേകിച്ച് കുട്ടികളുടെ വളർച്ചയ്ക്ക് ആവശ്യമായ പോഷകങ്ങൾ അടങ്ങിയിട്ടുള്ളതുകൊണ്ട് പഴം കൊണ്ടുള്ള പലഹാരങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്. പുട്ടുപൊടിയും തേങ്ങയും ഒപ്പം നേന്ത്രപ്പഴവും ചേരുമ്പോൾ ഈ വിഭവത്തിന്റെ പോഷകമൂല്യം ഇരട്ടിക്കുന്നു.

എണ്ണയോ മറ്റ് അനാരോഗ്യകരമായ വസ്തുക്കളോ ഉപയോഗിക്കാതെ ആവിയിൽ വേവിച്ചെടുത്താണ് ഇത് തയ്യാറാക്കുന്നത്. അതുകൊണ്ട് തന്നെ ശരീരഭാരം വർദ്ധിക്കുമെന്ന പേടിയില്ലാതെ എല്ലാവർക്കും ഇത് കഴിക്കാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *