സി.ആർ.ഇസഡ്: തദ്ദേശവാസികളുടെ ഭവനങ്ങൾക്ക് ക്രമവൽക്കരണം അനുവദിക്കണം; ശ്രദ്ധക്ഷണിക്കൽ സമ്മേളനങ്ങൾക്കും ജനകീയ ഒപ്പുശേഖരണത്തിനും തുടക്കമായി.

കൊടുങ്ങല്ലൂർ: കേരളത്തിലെ തീരദേശവാസികൾക്ക് തീരനിയന്ത്രണ വിജ്ഞാപനത്തിലെ (CRZ) ഇളവുകൾ നിലവിൽ ലഭ്യമാണെങ്കിലും, മുൻപ് വീടുകൾ പണിതുപോയി എന്ന കാരണത്താൽ സ്ഥിരം നമ്പർ ലഭിക്കാത്ത സാഹചര്യം നിലനിൽക്കുന്നു. നിലവിൽ അനുവദനീയമായ നിർമ്മാണങ്ങൾക്ക് റഗുലറൈസേഷൻ സംബന്ധിച്ച് നിയമപരമായ വിലക്കുകൾ ഉണ്ടായിരുന്നെങ്കിലും, സുപ്രീം കോടതിയുടെ പരാമർശങ്ങളിൽ കേന്ദ്ര വിജ്ഞാപനത്തിൽ ഭേദഗതി വരുത്താമെന്നോ അല്ലെങ്കിൽ ‘ആംനസ്റ്റി സ്കീമുകൾ’ (Amnesty Scheme) വഴി ക്രമവൽക്കരണം അനുവദിക്കാമെന്നോ ഉള്ള അവസരങ്ങൾ ഉണ്ട്.
മുമ്പ് കേന്ദ്ര സർക്കാർ ചില വലിയ കെട്ടിടങ്ങൾക്ക് ക്രമവൽക്കരണം അനുവദിച്ച് ‘ഓഫീഷ്യൽ മെമ്മോറാണ്ടം’ ഇറക്കിയതിനെ തുടർന്ന്, അത് ചോദ്യം ചെയ്തുവന്ന ഹർജികളിൽ ക്രമവൽക്കരണം പാടില്ല എന്ന നിലപാട് ഉണ്ടായിരുന്നുവെങ്കിലും പിന്നീട് വന്ന തിരുത്തൽ ഹർജിയിലാണ് ഇത്തരത്തിലുള്ള പരാമർശങ്ങൾ ഉണ്ടായിട്ടുള്ളത്.

നിലവിൽ കേരളത്തിലെ തീരപ്രദേശങ്ങളിൽ താമസിക്കുന്ന നിരവധി ആളുകളാണ് തങ്ങളുടെ വീടുകൾ ക്രമവൽക്കരിച്ചു കിട്ടുന്നതിനായുള്ള അപേക്ഷകളുമായി കാത്തിരിക്കുന്നത്. ഇപ്പോൾ അനുവദനീയമായ നിർമ്മാണങ്ങളാണെങ്കിൽപ്പോലും, മുൻപ് നിർമ്മിച്ചതാണെന്ന സാങ്കേതിക കാരണത്താൽ ക്രമവൽക്കരണം സാധ്യമാകാത്തവർക്ക് അത് ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് തീരദേശ തദ്ദേശ ഭരണകൂടങ്ങളിൽ ശ്രദ്ധക്ഷണിക്കൽ സമ്മേളനങ്ങൾക്ക് തുടക്കം കുറിച്ചു.

കേരളത്തിലെ 175 തീരദേശ പഞ്ചായത്തുകളെ സി.ആർ.ഇസഡ്-2 (CRZ II) കാറ്റഗറിയിലേക്ക് മാറ്റണമെന്ന് സംസ്ഥാന സർക്കാർ ശുപാർശ ചെയ്തിരുന്നുവെങ്കിലും, നിലവിൽ 66 പഞ്ചായത്തുകളെ മാത്രമാണ് ഇതിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ശേഷിക്കുന്ന പഞ്ചായത്തുകളെക്കൂടി സി.ആർ.ഇസഡ്-2 പരിധിയിൽ ഉൾപ്പെടുത്തണമെന്നും, ദ്വീപുകൾക്കായി ‘ഐ.ഐ.എം.പി’ (IIMP – സംയോജിത ദ്വീപ് മാനേജ്‌മെന്റ് പ്ലാൻ) നടപ്പിലാക്കുന്നതിന് അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും സമ്മേളനങ്ങളിൽ ആവശ്യപ്പെടുന്നുണ്ട്. .
ഈ ആവശ്യങ്ങളുന്നയിച്ച് സംഘടിപ്പിച്ച ശ്രദ്ധക്ഷണിക്കൽ സമ്മേളന പരമ്പരയിലെ ആദ്യ സമ്മേളനം എഴിക്കര പഞ്ചായത്തിലെ കടക്കരയിൽ വെച്ച് നടന്നു. കെ എൽ സി എ രൂപതാ പ്രസിഡണ്ട് അനിൽ കുന്നത്തൂർ അധ്യക്ഷത വഹിച്ച യോഗം കോട്ടപ്പുറം രൂപത പിആർഒ ഫാ. മിഥുൻ മെൻഡസ് ഉദ്ഘാടനം ചെയ്തു സംസ്ഥാന പ്രസിഡണ്ട് അഡ്വ. ഷെറി ജെ തോമസ് മുഖ്യപ്രഭാഷണം നടത്തി സംസ്ഥാന ജനറൽ സെക്രട്ടറി ബിജു ജോസി കരുമാഞ്ചേരി സംസ്ഥാന വൈസ് പ്രസിഡണ്ട് അലക്സ് താളുപാടത്ത് രൂപത ജനറൽ സെക്രട്ടറി ജോൺസൺ വാളൂർ, ഡഗ്ലസ് ആന്റണി, ഏഴിക്കര പഞ്ചായത്ത് മെമ്പർ ജിജോ കല്ലറയ്ക്കൽ, സോണി കെ .ജി, തോമസ് പാറക്കൽ ജയിംസ് കോട്ടുവള്ളി എന്നിവർ പ്രസംഗിച്ചു.

ന്യൂസ് ഡെസ്ക് കേരളടൈംസ്.

Leave a Reply

Your email address will not be published. Required fields are marked *