“കാട്ടാന ഭീഷണി തുടരുന്നു; ചായ്പൻകുഴിയിൽ റേഞ്ച് ഓഫീസർ ഇല്ലാതെ മൂന്നാഴ്ച”. ഡെപ്യൂട്ടി റേഞ്ച് ഓഫീസറെ അടിയന്തരമായി നിയമിക്കണം.

ചായ്പൻകുഴി: കുറ്റിച്ചിറ വില്ലേജിലെ കിഴക്കൻ മലയോര മേഖലയിൽ കാട്ടാന ശല്യം തുടരുന്ന സാഹചര്യത്തിൽ, ചായ്പൻകുഴി ഡെപ്യൂട്ടി റേഞ്ച് ഓഫീസിലെ ഒഴിവ് അടിയന്തരമായി നികത്തണമെന്ന് ആവശ്യം. സ്ഥലം മാറിപ്പോയ ഉദ്യോഗസ്ഥന് പകരം ആളെ നിയമിക്കാതെ മൂന്നാഴ്ച പിന്നിട്ടതോടെ വന്യജീവി പ്രതിരോധ പ്രവർത്തനങ്ങൾ കാര്യക്ഷമമായി ഏകോപിപ്പിക്കുന്നതിന് തടസ്സം നേരിടുന്നതായും പ്രദേശവാസികൾ ആശങ്കപ്പെടുന്നു.
കാട്ടാനകൾ ജനവാസ മേഖലകളിലേക്കും കൃഷിയിടങ്ങളിലേക്കും ഇറങ്ങുന്ന സാഹചര്യം നിലനിൽക്കുന്നതിനാൽ വനംവകുപ്പിന്റെ അടിയന്തര ഇടപെടൽ അനിവാര്യമാണെന്ന് കാരുണ്യ സോഷ്യൽ വർക്കിംഗ് ഗ്രൂപ്പ് ഭാരവാഹികൾ ചൂണ്ടിക്കാട്ടി. ഡെപ്യൂട്ടി റേഞ്ച് ഓഫീസറുടെ അഭാവം പ്രദേശത്തെ വന്യജീവി നിരീക്ഷണവും പരാതികളിൽ അടിയന്തര നടപടികളും ഏകോപിപ്പിക്കുന്നതിനെ ബാധിക്കാനിടയുണ്ടെന്നും അവർ പറഞ്ഞു.
ചായ്പൻകുഴി ഡെപ്യൂട്ടി റേഞ്ച് ഓഫീസിൽ ഒഴിവുവന്ന തസ്തികയിൽ എത്രയും വേഗം ഉദ്യോഗസ്ഥനെ നിയമിച്ച് കിഴക്കൻ മലയോര മേഖലയിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് വനം വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് കാരുണ്യ സോഷ്യൽ വർക്കിംഗ് ഗ്രൂപ്പ് ഭാരവാഹികളായ കെ.എം. ജോസ്, പി.ഒ. വർഗീസ്, ഓമന ജോസ് എന്നിവർ നിവേദനം നൽകി.

ന്യൂസ്ഡെസ്‌ക് കേരളടൈംസ്.

Leave a Reply

Your email address will not be published. Required fields are marked *