കോട്ടപ്പുറം: കർഷക ദിനമായ ചിങ്ങം ഒന്നിനോടനുബന്ധിച്ച് കോട്ടപ്പുറം ഇന്റഗ്രേറ്റഡ് ഡെവലപ്മെന്റ് സൊസൈറ്റി (കിഡ്സ്)യുടെ നേതൃത്വത്തിൽ ‘കാർഷികോത്സവ് 2026’ കാർഷികമേള പൊയ്യയിലെ നാച്ചുറൽ ഫൈബർ റിസോഴ്സ് സെന്ററിൽ സംഘടിപ്പിച്ചു. കായിക, യുവജനകാര്യ വകുപ്പ് മന്ത്രി ഒ. ജെ. ജനീഷ് മേള ഉദ്ഘാടനം ചെയ്തു.കാർഷിക മേഖലയെ ശക്തിപ്പെടുത്തുന്നതിനും കർഷകരെ പ്രോത്സാഹിപ്പിക്കുന്നതിനും കേരള ജനത ഒന്നാകെ മുന്നിട്ടിറങ്ങണമെന്ന് മന്ത്രി പറഞ്ഞു. കർഷകരെ ആദരിക്കുകയും അവരുടെ അധ്വാനത്തിന് സമൂഹത്തിൽ അർഹമായ അംഗീകാരം നൽകുകയും വേണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.കൊടുങ്ങല്ലൂർ നഗരസഭ ചെയർപേഴ്സൺ ഹണി പീതാംബരൻ വിവിധ കാർഷിക വിളകളുടെ പ്രദർശനവും വിപണനവും ഉൾപ്പെടുത്തിയ കാർഷികമേള നാട മുറിച്ച് പൊതുജനങ്ങൾക്കായി തുറന്നു നൽകി.കിഡ്സ് എക്സിക്യൂട്ടീവ് ഡയറക്ടർ റവ. ഫാ. നിമേഷ് അഗസ്റ്റിൻ കാട്ടാശ്ശേരി അധ്യക്ഷത വഹിച്ചു. കോട്ടപ്പുറം രൂപത വികാർ ജനറൽ മോൺ. റോക്കി റോബിൻ കളത്തിൽ മുഖ്യപ്രഭാഷണം നടത്തി.തൃശ്ശൂർ എൽ.ഡി.എം. മുഹമ്മദ് ഷാഫി, പൊയ്യ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഔസേപ്പച്ചൻ, കേരള കാർഷിക സർവകലാശാല മണ്ണുത്തി ഡയറക്ടർ ഓഫ് എക്സ്റ്റൻഷൻ ബിനു പി. ബോണി, തൃശ്ശൂർ നബാർഡ് ഡി.ജി.എം. സെബിൻ ആന്റണി, പൊയ്യ സെന്റ് സെബാസ്റ്റ്യൻ പള്ളി വികാരി ഫാ. ഫ്രാൻസിസ്കോ പടമാടൻ, ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ ശ്രീജ ബിജു, കൊടുങ്ങല്ലൂർ നഗരസഭ കൗൺസിലർമാരായ വി.എം. ജോണി, ഷൈബി ജോസഫ്, പൊയ്യ കൃഷി ഓഫീസർ ശ്രീലക്ഷ്മി ദാസ്, ബാങ്ക് ഓഫ് ഇന്ത്യ ബ്രാഞ്ച് മാനേജർ കിരൺ ഭരതൻ, ഫെഡറൽ ബാങ്ക് കൊടുങ്ങല്ലൂർ ബ്രാഞ്ച് മാനേജർ അഖിൽ ബാബു, തൃശ്ശൂർ എൽ.ഐ.സി ജനറൽ മാനേജർ രാഗേഷ് ആർ., കിഡ്സ് അസോസിയേറ്റ് ഡയറക്ടർ റവ. ഫാ. വിനു പീറ്റർ പടമാട്ടുമ്മൽ, അസിസ്റ്റന്റ് ഡയറക്ടർ റവ. ഫാ. നിഖിൽ ജോർജ് മുട്ടിക്കൽ തുടങ്ങിയവർ ആശംസകൾ നേർന്നു.കേരള കാർഷിക സർവകലാശാലയിലെ കൃഷിശാസ്ത്രജ്ഞർ നയിച്ച കർഷക മുഖാമുഖം പരിപാടിയും 40 ഇനം കാർഷിക വിളകളുടെ പ്രദർശനവും വിപണനവും മേളയുടെ പ്രധാന ആകർഷണങ്ങളായി. കർഷകർക്ക് കൃഷിശാസ്ത്രജ്ഞർ ക്ലാസുകൾ നൽകുകയും വിവിധ പച്ചക്കറി വിത്തുകൾ വിതരണം ചെയ്യുകയും ചെയ്തു.മികച്ച കർഷകരായി തിരഞ്ഞെടുക്കപ്പെട്ട ഫാ. ജോഷി മുട്ടിക്കൽ, ഫാ. ജോയ് കല്ലറക്കൽ, പീറ്റർ വേലിക്കകത്ത് കുര്യാപ്പിള്ളി, ആലീസ് റാഫേൽ പനക്കൽ, ലിജി ആന്റണി കാഞ്ഞിരത്തിങ്കൽ, ഭുവനേശ്വരി സത്യാനന്ദൻ, ആരോൺ കോലോത്തുംകടവ്, കിഡ്സ് സ്റ്റാഫ് അംഗം ബാബു നൊച്ചിക്കാട്ട് എന്നിവരെ മൊമെന്റോയും ക്യാഷ് അവാർഡും നൽകി ആദരിച്ചു.കോട്ടപ്പുറം കത്തീഡ്രൽ വികാരി റവ. ഫാ. ഡൊമിനിക് പിൻഹീറോ, സഹവികാരി റവ. ഫാ. ടോണി കുന്നത്തൂർ, ഫാ. ഫ്രാൻസിസ്കോ പടമാടൻ, കോട്ടപ്പുറം ഫാമിലി അപ്പോസ്തലേറ്റ് ഡയറക്ടർ റവ. ഫാ. പ്രവീൺ കുരിശിങ്കൽ, എജുക്കേഷണൽ കോർപ്പറേറ്റ് മാനേജർ റവ. ഫാ. സിബിൻ കല്ലറക്കൽ, റവ. ഫാ. ക്രിസ്റ്റീ മരതോന്ത്ര തുടങ്ങിയ വൈദികരും പൊയ്യ കോൺവെന്റ്, സെന്റ് ആൻസ്, സ്നേഹാലയ, വികാസ് എന്നീ സ്ഥാപനങ്ങളിലെ സിസ്റ്റേഴ്സും ചടങ്ങിൽ സന്നിഹിതരായിരുന്നു.കിഡ്സ് സ്വയംസഹായ സംഘങ്ങളിലെ അംഗങ്ങൾ, ഇടവക സമൂഹങ്ങൾ, കർഷകർ, പൊതുജനങ്ങൾ എന്നിവരുടെ സജീവ പങ്കാളിത്തത്തോടെ കാർഷികോത്സവ് ശ്രദ്ധേയമായി.
കാർഷികോത്സവ് 2026: കാർഷിക സംസ്കാരത്തിന്റെ വീണ്ടെടുപ്പിന് കൂട്ടായ്മ



