ഡിജിറ്റൽ സെൻസസ് 2027: തൃശ്ശൂരിൽ ബോധവത്കരണവുമായി വിദ്യാർത്ഥികൾ; ജൂൺ 30 വരെ സ്വയം വിവരങ്ങൾ രേഖപ്പെടുത്താം.

​തൃശ്ശൂർ: 2027 ലെ ദേശീയ ഡിജിറ്റൽ സെൻസസിന്റെ ഭാഗമായുള്ള ‘സെൽഫ് എന്യുമറേഷൻ’ (സ്വയം വിവരങ്ങൾ രേഖപ്പെടുത്തൽ) പ്രക്രിയയെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കാൻ തൃശ്ശൂരിലെ കലാലയ വിദ്യാർത്ഥികൾ രംഗത്തിറങ്ങി. ക്ലാസ് മുറിയിലെ പരീക്ഷകളും പ്രൊജക്റ്റുകളും താൽക്കാലികമായി മാറ്റിവെച്ച്, വിവിധ മാസ്റ്റർ ട്രെയിനർമാരുടെ കീഴിൽ കൃത്യമായ പരിശീലനം നേടിയാണ് ഈ ചെറുപ്പക്കാർ ബോധവത്കരണ പ്രക്രിയയിൽ പങ്കാളികളായത്.
​കുട്ടനെല്ലൂർ ശ്രീ അച്യുതമേനോൻ ഗവ. കോളേജിലെ അധ്യാപികയും സെൻസസ് മാസ്റ്റർ ട്രെയിനറുമായ ഡോ. ടി. എൽ. സോണിയുടെ മാർഗ്ഗനിർദ്ദേശത്തിൽ കോളേജിലെ വിദ്യാർത്ഥികളാണ് ഈ ക്യാമ്പെയിന് നേതൃത്വം നൽകിയത്. ഇവർക്കൊപ്പം ഇരിങ്ങാലക്കുട ക്രിസ്റ്റ് കോളേജിലെ ഡോ. ഫ്രാങ്കോ ടി. ഫ്രാൻസിസിന്റെ കീഴിലുള്ള എൻ.സി.സി കേഡറ്റുകളും, തൃശ്ശൂർ സെന്റ് തോമസ് കോളേജിലെ രഞ്ജിത്ത് വർഗീസിന്റെ നേതൃത്വത്തിലുള്ള എൻ.എസ്.എസ് വിദ്യാർത്ഥികളും കൈകോർത്തു. വിവിധ റസിഡൻഷ്യൽ അസോസിയേഷനുകൾ, ഫ്ലാറ്റുകൾ, ഇതര സ്ഥാപനങ്ങൾ എന്നിവടങ്ങളിൽ നേരിട്ടെത്തി വിദ്യാർത്ഥികൾ സെൻസസ് പ്രക്രിയകൾ വിശദീകരിച്ചു നൽകുന്നു. ഇതുവരെ ജില്ലയിൽ 56,122 പേർ സെൽഫ് എന്യുമറേഷനിൽ പങ്കാളികളായിട്ടുണ്ട്.
​പൊതുജനങ്ങൾക്ക് സ്വന്തമായി വിവരങ്ങൾ ഓൺലൈനായി രേഖപ്പെടുത്താനുള്ള സൗകര്യം ജൂൺ 30 വരെ മാത്രമായിരിക്കും ലഭ്യമാകുക. ജൂലൈ ഒന്ന് മുതൽ 31 വരെ സെൻസസ് ഉദ്യോഗസ്ഥർ വീടുകളിലെത്തി വിവരങ്ങൾ ശേഖരിക്കുന്നതിന് മുന്നോടിയായാണ് ഈ സംവിധാനം ഒരുക്കിയിട്ടുള്ളത്. ജൂൺ 30-നകം ഓൺലൈൻ വഴി വിവരങ്ങൾ സമർപ്പിക്കാത്തവരുടെ വീടുകളിൽ ഉദ്യോഗസ്ഥർ നേരിട്ടെത്തി വിവരങ്ങൾ ശേഖരിക്കും.

Leave a Reply

Your email address will not be published. Required fields are marked *