തൃശൂർ ജില്ലാതല ഓണാഘോഷത്തിന് ആഗസ്റ്റ് 25-ന് തുടക്കം: ഉദ്ഘാടനം മന്ത്രി അഡ്വ. ഒ.ജെ. ജനീഷ് നിർവ്വഹിക്കും

സംസ്ഥാന വിനോദസഞ്ചാരവകുപ്പ്, ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ, ജില്ലാ ഭരണകൂടം എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന തൃശൂർ ജില്ലാതല ഓണാഘോഷ പരിപാടികൾ ഓഗസ്റ്റ് 25 മുതൽ 29 വരെ തേക്കിൻകാട് മൈതാനിയിൽ (നായ്ക്കനാലിന് സമീപം) നടത്തും. 25 ചൊവ്വാഴ്ച (ഉത്രാടം) വൈകീട്ട് അഞ്ചിന് യുവജനക്ഷേമ കായിക രജിസ്ട്രേഷൻ വകുപ്പ് മന്ത്രി അഡ്വ. ഒ.ജെ. ജനീഷ് പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിക്കും. തൃശൂർ കോർപ്പറേഷൻ, ജില്ലാ പഞ്ചായത്ത് എന്നിവരുടെ സഹകരണത്തോടെയാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്.

പരിപാടിയുടെ നടത്തിപ്പിനായി മന്ത്രി അഡ്വ. ഒ.ജെ. ജനീഷ് ചെയർമാനായും രാജൻ. ജെ. പല്ലൻ എം.എൽ.എ ചീഫ് കോ-ഓർഡിനേറ്ററുമായി സംഘാടക സമിതി രൂപീകരിച്ചിട്ടുണ്ട്.

25-ന് വൈകീട്ട് 4.30-ന് പഞ്ചവാദ്യത്തോടെയാണ് പരിപാടിക്ക് തുടക്കമാകുന്നത്. കേന്ദ്ര പെട്രോളിയം പ്രകൃതി വാതക ടൂറിസം സഹമന്ത്രി സുരേഷ് ഗോപി, ബെന്നി ബെഹനാൻ എം.പി, കെ. രാധാകൃഷ്ണൻ എം.പി, ജില്ലയിലെ എം.എൽ.എമാർ, കോർപ്പറേഷൻ മേയർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ കളക്ടർ തുടങ്ങിയവർ പങ്കെടുക്കും. ഉദ്ഘാടനത്തിന് ശേഷം അപൂർവ്വ ബാന്റ് സരിഗമപ സീസൺ-2 വിജയികൾ ഒരുക്കുന്ന മെഗാഷോ അരങ്ങേറും.

ഓഗസ്റ്റ് 26-ന് വൈകീട്ട് വിശ്വപ്രസാദ് അവതരിപ്പിക്കുന്ന വയലിൻ നാദവിസ്മയവും തുടർന്ന് കൊച്ചിൻ ഗിന്നസിന്റെ മെഗാഷോയും നടക്കും. ഓഗസ്റ്റ് 27-ന് ദേവവാണി, ചേതന സംഗീത നാട്യ അക്കാദമി, അഞ്ജു ജോസഫ്, ടീം ഒഡീസി എന്നിവരുടെ സംഗീതവിരുന്നും, ഓഗസ്റ്റ് 28-ന് കേരള കലാലയത്തിന്റെ നൃത്ത നൃത്യങ്ങളും കലാസദൻ അവതരിപ്പിക്കുന്ന സംഗീതനിശയും അരങ്ങേറും.

സമാപന ദിവസമായ ഓഗസ്റ്റ് 29-ന് വൈകീട്ട് നാലിന് തൃശ്ശൂർ ന​ഗരത്തിൽ പുലികളിറങ്ങും. വൈകീട്ട് 5.30-ന് നടക്കുന്ന സമാപന സമ്മേളനത്തിന് ശേഷം ‘പാട്ടുകമ്പനി’ അവതരിപ്പിക്കുന്ന സംഗീതനിശയും മികച്ച പുലിക്കളി ടീമുകൾക്കുള്ള സമ്മാനദാനവും നടക്കും.

പ്രധാന വേദിയായ തേക്കിൻകാട് മൈതാനത്തിന് പുറമെ പീച്ചി, ചാവക്കാട് ബീച്ച്, വാഴാനി, തുമ്പൂർമുഴി, സ്നേഹതീരം ബീച്ച് തുടങ്ങിയ അഞ്ച് ടൂറിസം കേന്ദ്രങ്ങളിലും ഡെസ്റ്റിനേഷൻ മാനേജ്‌മെന്റ് കമ്മിറ്റികളുടെ നേതൃത്വത്തിൽ കലാ-സാംസ്കാരിക ആഘോഷപരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്.

ഓഗസ്റ്റ് 27, 28 തീയതികളിൽ നടക്കുന്ന ചാവക്കാട് ബീച്ച് ഓണാഘോഷത്തിൽ (തീരപെരുമ) ഘോഷയാത്ര, സാംസ്കാരിക സമ്മേളനം, കുട്ടികളുടെ കലാപരിപാടികൾ, കൊച്ചിൻ ഗിന്നസ് മെഗാഷോ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. ഓഗസ്റ്റ് 25, 27, 28, 29 തീയതികളിൽ വാഴാനിയിൽ ദീപാലങ്കാരം, സ്വിച്ച് ഓൺ കർമ്മം, ഗാനമേള, നൃത്ത നൃത്യങ്ങൾ, വീരനാട്യം മത്സരം, നാടൻ പാട്ട് എന്നിവ നടക്കും. പീച്ചിയിൽ ഓഗസ്റ്റ് 22 മുതൽ 24 വരെ ദീപാലങ്കാരം, ഘോഷയാത്ര, കലാസന്ധ്യ, പൊതുസമ്മേളനം, ഗാനമേള എന്നിവയും സ്നേഹതീരത്ത് ഓഗസ്റ്റ് 29, 30 തീയതികളിൽ പൂക്കള മത്സരം, കലാപരിപാടികൾ, ഗാനമേള എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്. തുമ്പൂർമുഴിയിൽ ഓഗസ്റ്റ് 26, 27, 28 തീയതികളിൽ കരോക്കെ ഗാനമേള, മാജിക് ഷോ, നാടൻപാട്ട്, കൈകൊട്ടിക്കളി എന്നിവയും കുന്നംകുളത്ത് ഓഗസ്റ്റ് 27-ന് ഓണത്തല്ലും അരങ്ങേറും.

ഓണാഘോഷങ്ങളുടെ ഭാഗമായി ജില്ലയുടെ വിവിധ ഭാഗങ്ങളിലായി നടക്കുന്ന ജലോത്സവങ്ങളും വള്ളംകളികളും സംഘടിപ്പിക്കുന്നുണ്ട്. ഓഗസ്റ്റ് 26-ന് തൃപ്രയാർ ജലോത്സവം, 27-ന് ചീഫ് മിനിസ്റ്റേഴ്സ് ട്രോഫി കണ്ടശ്ശാംകടവ് ജലോത്സവം, 30-ന് കറുകമാട്, മുല്ലശ്ശേരി ജലോത്സവം എന്നിവ നടക്കും. സെപ്റ്റംബർ ഒന്നിന് പഴുവിൽ ജനനി ജലോത്സവം, രണ്ടിന് ഹെർബർട്ട് കനാൽ ജലോത്സവം, ആറിന് മതിലകം പൈതൃകം ജലോത്സവം എന്നിവയും ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *