നമ്മുടെ ശരീരത്തിന്റെ ഊര്‍ജ്ജനില ക്രമീകരിക്കുന്നതില്‍ ഇരുമ്പിന് ഒരു വലിയ പങ്കുണ്ട്.

നമ്മുടെ ശരീരത്തിന്റെ ഊര്‍ജ്ജനില ക്രമീകരിക്കുന്നതില്‍ ഇരുമ്പിന് ഒരു വലിയ പങ്കുണ്ട്. ചുവന്ന രക്താണുക്കളില്‍ കാണുന്ന ഇരുമ്പ് അടങ്ങിയ ഒരു പ്രോട്ടീനാണ് ഹീമോഗ്ലോബിന്‍. ഈ ഹീമോഗ്ലോബിനാണ് ശരീരത്തിലുടനീളം ഓക്സിജന്‍ എത്തിക്കുന്നത്. ശരീരത്തില്‍ ഇരുമ്പ് കുറയുന്നത് ഓക്സിജന്‍ വഹിക്കുന്ന ചുവന്ന രക്താണുക്കളുടെ ഉല്‍പാദനത്തെ ബാധിക്കുന്നു. ശാരീരികമായ ക്ഷീണം, ബലക്കുറവ്, തലകറക്കം പോലുള്ള അവസ്ഥയിലേക്ക് ഈ പോഷകക്കുറവ് നയിച്ചേക്കാം. ആര്‍ത്തവം, ഗര്‍ഭിണികള്‍, സസ്യാഹാരികള്‍, ചില രോഗാവസ്ഥയുള്ളവര്‍ എന്നിവര്‍ക്ക് ഇരുമ്പിന്റെ അംശം കുറയാനുള്ള സാധ്യത കൂടുതലാണ്. ദീര്‍ഘകാലമുള്ള ഇരുമ്പിന്റെ അഭാവം വിളര്‍ച്ചയിലേക്ക് നയിക്കാം. വിളറിയ ചര്‍മം, തണുത്ത കൈകാലുകള്‍, ഐസ് കഴിക്കണമെന്ന അസാധാരണ ആസക്തി എന്നിവയെല്ലാം ഇരുമ്പ് കുറയുന്നതു മൂലമുള്ള വിളര്‍ച്ചയുടെ ലക്ഷണങ്ങളാണ്. ഇരുമ്പിന്റെ അഭാവം ഒഴിവാക്കാന്‍ ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങളോ സപ്ലിമെന്റുകളോ കഴിക്കുക. അതിനൊപ്പം വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷങ്ങള്‍ (നാരങ്ങ, ഓറഞ്ച്, തക്കാളി) അല്ലെങ്കില്‍ സപ്ലിമെന്റുകള്‍ കഴിക്കുന്നത് ഇരുമ്പിന്റെ ആഗിരണം ഫലപ്രദമാക്കാന്‍ സഹായിക്കും. മുതിര്‍ന്ന പുരുഷന്മാരില്‍ ഇരുമ്പിന്റെ അംശം 8 മില്ലിഗ്രാം മതിയെങ്കില്‍ സ്ത്രീകളില്‍ അത് 18 മില്ലിഗ്രാം ആവശ്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *